India

ഗഗന്‍യാന്‍; ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് നിര്‍മാണം ആരംഭിച്ചു

Published by

നെല്ലൂര്‍: ഭാരതം കാത്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് നിര്‍മാണം ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഇന്നലെ രാവിലെ 8.45 ആണ് ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എച്ച്എല്‍വിഎം3) റോക്കറ്റിന്റെ നിര്‍മാണത്തിന് ആരംഭം കുറിച്ചത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ ദൗത്യം, ഗഗന്‍യാന്‍-1ന് വേണ്ടിയാണ് റോക്കറ്റ് കൂട്ടിയോജിപ്പിക്കുന്നത്. ദൗത്യം അടുത്തമാസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സോളിഡ് മോട്ടോറുകളുടെ ഏകോപനമാണ് ശ്രീഹരിക്കോട്ടയില്‍ നടക്കുന്നത്. ലിക്വിഡ് എഞ്ചിന്‍ മോട്ടോര്‍ സ്പേസ് സെന്ററില്‍ തയാറാണ്. ക്രൂ മൊഡ്യൂളിന്റെയും സര്‍വീസ് മൊഡ്യൂളിന്റെയും നിര്‍മാണം തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലും ബെംഗളൂരു യു ആര്‍ റാവു സ്‌പെയ്‌സ് സെന്ററിലുമായി പുരോഗമിക്കുന്നു. കരുത്തരില്‍ കരുത്തന്‍ എന്ന് വിശേഷിപ്പിക്കുന്ന എച്ച്എല്‍വിഎം 3യുടെ ആദ്യ വിക്ഷേപണത്തിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഎസ്ആര്‍ഒ ഗഗന്‍യാന് വേണ്ടി റോക്കറ്റ് സംയോജിപ്പിക്കുന്നത്.

2014 ഡിസംബര്‍ 18ന് കെയര്‍ ദൗത്യത്തിന് വേണ്ടിയാണ് എച്ച്എല്‍വിഎം3 ആദ്യമായി ഉപയോഗിച്ചത്. പേടകത്തെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കുന്നതായിരുന്നു ദൗത്യം. അന്ന് 3,775 കിലോഗ്രാം ഭാരമുള്ള എല്‍വിഎം3-എക്‌സ് ക്രൂ മൊഡ്യൂളിനെ 126 കിലോമീറ്റര്‍ സബ് ഓര്‍ബിറ്റല്‍ ഉയരത്തിലെത്തിക്കുകയും പിന്നീട് നിയന്ത്രിതമായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കുകയും ചെയ്തിരുന്നു.

ഗഗന്‍യാന്റെ മുന്‍ഗാമിയെന്ന് കെയര്‍ ദൗത്യത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഇതിന്റെ വിജയമാണ് ഗഗന്‍യാന്‍ എന്ന സ്വപ്‌ന പദ്ധതിക്ക് അടിത്തറയേകിയത്. ഐഎസ്ആര്‍ഒ ചെയര്‍മാനായ എസ്. സോമനാഥായിരുന്നു കെയര്‍ മിഷന്‍ ഡയറക്ടര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക