Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Published by

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയതില്‍ പകപൂണ്ട് എസ്എഫ്‌ഐ കാര്യവട്ടം ക്യാമ്പസിലെ വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു. ത്രിദിന അന്താരാഷ്‌ട്ര സംസ്‌കൃത സെമിനാറിന്റെ മുഖ്യ സംഘാടകയായ സംസ്‌കൃത വിഭാഗം മേധാവി പ്രൊഫ.സി.എന്‍ വിജയകുമാരി തന്നെയാണ് വേദാന്ത പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍. ഈ ഓഫീസാണ് അക്രമികള്‍ തകര്‍ത്തത്.

സംസ്‌കൃത വിഭാഗം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്‌ട്ര സെമിനാറിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തിയ ചൊവ്വാഴ്ച രാത്രിയാണ് അക്രമികള്‍ പഠന കേന്ദ്രവും തകര്‍ത്തത്. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. നാക് അക്രഡിറ്റേഷന് വേണ്ടി ഓഫീസ് മുന്നില്‍ 1984 മുതലുള്ള ഡയറക്ടര്‍മാരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് എടുത്തുകൊണ്ടുപോയി. ഓഫീസിന് പുറത്ത് ചുവരുകളില്‍ സ്ഥാപിച്ചിരുന്ന സംസ്‌കൃത ശ്ലോകങ്ങള്‍, യോഗ സ്റ്റഡി വിഭാഗത്തിന്റെ ബോര്‍ഡ് എന്നിവ നശിപ്പിച്ചു. പ്രൊഫ.സി.എന്‍. വിജയകുമാരിയുടെ പേരുള്ള ബോര്‍ഡ് ഒടിച്ചുമടക്കി കതകിനിടയില്‍ തിരുകി. ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന സംസ്‌കൃത സെമിനാറിന്റെ കൂറ്റന്‍ ഫല്‍ക്‌സ് ബോര്‍ഡും കാണാതായിട്ടുണ്ട്.

ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ എത്തുന്നതിനെതിരെ ഇടത് സിന്ഡിക്കേറ്റ് അംഗങ്ങള്‍ തന്നെ തുടക്കത്തിലേ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിയിലേക്ക് പാഞ്ഞടുക്കുകയും ഗവര്‍ണ്ണറെ തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ എത്തി പരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങി. ഇതില്‍ ഉണ്ടായ നാണക്കേട് മറയക്കാന്‍ വേദാന്ത സെന്ററ് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സി.എന്‍. വിജയകുമാരി കേരള വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍, രജ്‌സ്ട്രാര്‍, ക്യാമ്പസ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരി്ല്‍ കേരളസര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിനുമുന്നില്‍ വിദ്യാഭ്യാസ സംരക്ഷണ സംഗമം എന്ന പേരില്‍ പ്രതിഷേധയോഗം ചേര്‍ന്നിരുന്നു. സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിനെതിരെ എന്നുപറഞ്ഞ് നടത്തിയ പ്രകോപനപരമായ യോഗം ഉദ്ഘാടനം ചെയ്തത് സിപിഎം നേതാവ് എം.സ്വരാജ് ആയിരുന്നു. ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കുക, കാവിവത്കരണം തുടങ്ങിയ അജണ്ടകളായിരുന്നു സമ്മേളനത്തില്‍ ഉണ്ടായിരുന്നത്.ചാന്‍സലര്‍ ശ്രമിക്കുന്നത് കേരളത്തിലെ സര്‍വകലാശാലകളെ തകര്‍ക്കാന്‍, സംഘപരിവാര്‍ ക്രമിനലുകളെ ഭരണസമിതിയിലേക്ക് തിരുകികയറ്റുന്നു’ എന്നൊക്കെ പറഞ്ഞ് ആക്ഷേപം ചൊരിഞ്ഞായിരുന്നു സ്വരാജിന്റെ പ്രസംഗം.

പഠനകേന്ദ്രം അടിച്ചുതകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്‌കൃത വിഭാഗം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്‌ട്ര സെമിനാറിന്റെ ഉദ്ഘാടനത്തിന്,ഗവര്‍ണ്ണറെ ക്ഷണിച്ചതിലുള്ള വിരോധമാണ് പ്രധാനമായും അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ചാന്‍സലറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിയിലേക്ക് പാഞ്ഞടുക്കുകയും ഗവര്‍ണ്ണര്‍ക്കെതിരെ ആക്രോശം മുഴക്കുകയും ചെയ്തിരുന്നു. ഗവര്‍ണ്ണറുടെ പരിപാടിക്കിടയില്‍ സംഭവിച്ച സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നാമമാത്രമായ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വേദാന്ത സ്റ്റഡീ സെന്ററിന് നേര്‍ക്ക് ആക്രമണമുണ്ടായത് എന്ന് വേണം കരുതാന്‍.

ഗവര്‍ണ്ണറുടെ സന്ദര്‍ശനത്തിന് ആധാരമായ സെമിനാറിന്റെ മുഖ്യ സംഘാടകയായ സംസ്‌കൃത വിഭാഗം മേധാവിയായ അധ്യാപിക തന്നെയാണ് വേദാന്ത പഠനകേന്ദ്രത്തിന്റെ ഡയറക്ടറും. മുമ്പ് പാലക്കാട്ട് വിക്ടോറിയാ കോളജിലും എറണാകുളത്ത് മഹാരാജാസ് കോളജിലും കാസര്‍കോട്ടും കൊയിലാണ്ടി ഗുരുദേവാ കോളജിലും അധ്യാപകര്‍ക്ക് നേരേ നടന്ന അക്രമ പരമ്പരകളുടെ ഒടുവിലത്തേതാണ് വേദാന്ത പീന കേന്ദ്രത്തിന് നേരേയുണ്ടായത്. സര്‍വകലാശാലയുടെ ജംഗമ വസ്തുക്കള്‍ നശിപ്പിച്ച ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതോടൊപ്പം സര്‍വകലാശാലയ്‌ക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ കൂടി അടിയന്തിരമായി സ്വീകരിക്കണം.സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by