അഹമ്മദാബാദ്:പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച വനിതാ മാധ്യമ പര്യടനം ഗുജറാത്തില്‍ പുരോഗമിക്കുന്നു. കേരളത്തിലെ 10 വനിതാ മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സംഘം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ, വികസന, സാംസ്‌കാരിക പൈതൃക മുന്നേറ്റങ്ങള്‍ അടുത്തറിയുന്ന പര്യടനം നടത്തുകയാണ്. പര്യടനത്തിന്റെ രണ്ടാം ദിനത്തില്‍ അവര്‍ ആനന്ദിലെ പ്രസിദ്ധമായ അമുല്‍ ഡയറിയും ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സന്ദര്‍ശിച്ചു.
1946ല്‍ സ്ഥാപിതമായ അമുല്‍ ഡയറി ഇന്ത്യയുടെ ക്ഷീരമേഖലയിലെ പരിഷ്‌ക്കാരത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയ സ്ഥാപനമാണ്. കേരളത്തിലെ ഡോ. വര്‍ഗീസ് കുര്യന്റെ ദര്‍ശനത്തെയും ഇന്ത്യയുടെ ക്ഷീര വിപ്ലവത്തിലെ നിര്‍ണായക പങ്കിനെയും മാധ്യമപ്രവര്‍ത്തകര്‍ ബഹുമാനപൂര്‍വ്വം ഓര്‍മ്മപ്പെടുത്തി.
അമുല്‍ മോഡല്‍ ത്രിതല സഹകരണ സംവിധാനത്തിലൂടെ പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിച്ച് 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. വയനാട്ടിലെ കൊക്കോക്കുരുക്കളിലൂടെ അമുല്‍ ചോക്ലേറ്റ് ഉല്‍പ്പാദനത്തിനും കേരളം നിര്‍ണായക സംഭാവന നല്‍കുന്നതായി അമുല്‍ പ്രതിനിധി ഡോ. പ്രീതി ശുക്ല (എച്ച്ആർ & സിഎസ്ആർ) പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും 12 പ്രധാന സ്‌റ്റേഷനുകളിലൂടെ സഞ്ചരിക്കുന്നതുമാണ്. ഈ പദ്ധതി സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറാക്കി കുറയ്‌ക്കും.
മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചീഫ് പ്രോജക്ട് മാനേജര്‍ രാജേഷ് അഗര്‍വാള്‍, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ 2026 ജനുവരിയോടെ പദ്ധതി പൂര്‍ത്തിയാക്കാനുളള ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. സബര്‍മതി ഹൈസ്പീഡ് റെയില്‍ മള്‍ട്ടിമോഡല്‍ ഹബ്ബ് സന്ദര്‍ശിച്ച സംഘത്തിന്റെ ശ്രദ്ധ സമഗ്ര ഗതാഗത സംവിധാനങ്ങളുടേയും പുരോഗതിയുടേയും വീക്ഷണത്തിലേക്ക് നീങ്ങി.
അടുത്ത ദിവസങ്ങളില്‍ ഗിഫ്റ്റ് സിറ്റി, റാണി കി വാവ്, മൊധേരയിലെ സൂര്യക്ഷേത്രം, വദ്‌നഗര്‍ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളും, കച്ച് ജില്ലയിലെ ധോര്‍ദോയിലെ റണ്‍ ഉത്സവവും സംഘം സന്ദര്‍ശിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസ്ഥാനത്തെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പരിപാടിയും ആസൂത്രിതമാണ്.
മാധ്യമ പര്യടനം ഗുജറാത്തിലെ അടിസ്ഥാന സൗകര്യ വികസനവും പൈതൃകവും സാംസ്‌കാരിക സമ്പത്തും അഭിമുഖീകരിക്കാനുള്ള ഒരു അപൂര്‍വ്വ അവസരമാണ്. ഡിസംബര്‍ 23 വരെ നീളുന്ന ഈ പര്യടനം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമഗ്രമായ വിജ്ഞാനമുളള പുതിയ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത.
സിജ പി എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക