Kerala

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ മൂന്നാണ്ട്

Published by

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ മൂന്നാണ്ട്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് മൂന്നിന് ആലപ്പുഴ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനജാഗ്രത സദസില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. രാവിലെ 6.30ന് പഴയതിരുമല എസ്എസ് കലാമന്ദിറില്‍ ആര്‍എസ്എസ് ശ്രദ്ധാഞ്ജലി സാംഘിക് നടക്കും. മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ പങ്കെടുക്കും.

2021 ഡിസംബര്‍ 19 ന് രാവിലെ 6.30നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ചു കയറി രണ്‍ജീതിനെ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ട്, എസ്എഡിപിഐക്കാര്‍ കൊലപ്പെടുത്തിയത്. അമ്മയുടേയും, ഭാര്യയുടേയും, മകളുടെയും മുന്നിലായിരുന്നു നിഷ്ഠൂരമായ കൊലപാതകം. കേസില്‍ ഒന്നാം ഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികള്‍ക്കും മാവേലിക്കര അഡീ. സെഷന്‍സ് കോടതി (ഒന്ന്) വധശിക്ഷ വിധിച്ചു. രണ്ടാംഘട്ട കുറ്റപത്രം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

എക്കാലവും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍. ആലപ്പുഴ മുല്ലയ്‌ക്കല്‍ ശാഖാ സ്വയംസേവകനായിരുന്ന രണ്‍ജീത് പിന്നീട്, ഭാരതീയ അഭിഭാഷക പരിഷത്ത്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, ബിജെപി എന്നീ പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത ചുമതലകളും വഹിച്ചു. ആലപ്പുഴ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു.

സംഘ സ്വയം സേവകന്‍ എന്നറിയപ്പെടാനായിരുന്നു രണ്‍ജീത് ഏറെ ആഗ്രഹിച്ചത്. തന്റെ കുടുംബം സംഘപഥത്തിലൂടെ യാത്ര ചെയ്യണമെന്നും രണ്‍ജീത് ആഗ്രഹിച്ചു. രണ്ട് പെണ്‍മക്കളേയും, ഭാര്യയേയും തന്റെ വഴിയിലൂടെ തന്നെ കൈപിടിച്ചു നടത്തി. രണ്‍ജീതിന്റെ മരണ ശേഷവും അവര്‍ കൂടുതല്‍ ഉറപ്പോടെ ആ പാതയിലൂടെ തന്നെ സഞ്ചരിക്കുന്നു. വൃദ്ധമാതാവ്, ഭാര്യ, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ രണ്ടു മക്കള്‍ എന്നിവരുടെ ഏക ആശ്രയമായിരുന്ന കുടുംബനാഥനെയാണ് രാഷ്‌ട്രവിരുദ്ധരായ മതഭീകരര്‍ അരുംകൊല ചെയ്തത്. കൊല ചെയ്യേണ്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി നടപ്പാക്കിയ കൊലപാതകമായിരുന്നു ഇത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by