തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിനുവേണ്ടി വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടിയതില്‍ ഹൈക്കോടതി കര്‍ശന നിലപാട് തുടരുമ്പോഴും കോടികള്‍ വിലയുള്ള പൊതുസ്ഥലം അനസ്യൂതം കൈയേറി സിപിഎം. ജില്ലാകോടതി വളപ്പിന് മുന്നില്‍ നടപ്പാതയുള്‍പ്പെടെ റോഡും ഭൂമിയും പിടിച്ചെടുത്ത് പാര്‍ക്ക് സ്ഥാപിച്ചു. നടപ്പാതയില്‍ കാഴ്ചപരിമിതര്‍ക്കുള്ള ദിശാസൂചന ടൈലുകള്‍ ഇളക്കിമാറ്റി. പകരം വെള്ളയും ചുവപ്പും കലര്‍ന്ന ടൈലുകള്‍ പാകി. അനധികൃത കൈയേറ്റത്തിനു പിന്നില്‍ സിപിഎം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ പി. ബാബുവും മകളും കൗണ്‍സിലറുമായ ഗായത്രിബാബുവും.
ശ്രീചിത്തിര തിരുന്നാള്‍ ഗ്രന്ഥശാലക്കു സമീപം കോടികള്‍ വിലയുള്ള പുറമ്പോക്കാണ് സിപിഎം കയ്യേറി പാര്‍ക്ക് സ്ഥാപിച്ചത്. സിപിഎം നേതാക്കളായ എ.കെ. ഗോപാലന്റെയും ഇഎംഎസിന്റെയും വലിയ അര്‍ദ്ധകായ പ്രതിമകളും നിര്‍മിച്ചിട്ടുണ്ട്. സിപിഎം ബിനാമികളുടെ ഡ്രൈവിങ് സ്‌കൂളടക്കം ചില സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസും സിഐടിയുക്കാര്‍ക്കുള്ള വിശ്രമസങ്കേതവും ഇവിടെ പണിതു. എന്നിട്ടും പോലീസോ നഗരസഭാ അധികൃതരോ ഇടപെട്ടിട്ടില്ല.
കൈയേറ്റം ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന്റെ ഓഫീസ് എന്നൊരു ബോര്‍ഡ് നിരത്തുവക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. സിപിഎം സമ്മേളനത്തിന്റെ ബോര്‍ഡുകളും മറ്റും സൂക്ഷിക്കുന്ന ഗോഡൗണായും ഉപയോഗിക്കുന്നത് ഈ പുറമ്പോക്ക് ഭൂമിയിലാണ്. സമീപത്തുതന്നെ സിഐടിയുക്കാര്‍ക്ക് വിശ്രമിക്കാനുള്ള പന്തലും കെട്ടി. ഇരുട്ടുവീണാല്‍ സാമൂഹ്യവിരുദ്ധരുടെയും അക്രമികളുടെയും താവളമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലാ കോടതിയിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ കയ്യൂക്കുകാട്ടിയുള്ള സിപിഎം കൈയേറ്റത്തില്‍ പോലീസും നോക്കുകുത്തിയാണ്.
നഗരത്തിലെ നിരത്തുകളും ക്ഷേത്രപരിസരങ്ങളും കൈയേറി കാല്‍നടയാത്ര പോലും തടയും വിധം സിപിഎം- സിഐടിയു ഓഫീസുകള്‍ കെട്ടുന്നതും വ്യാപകമായിട്ടുണ്ട്. നഗരസഭാ കൗണ്‍സിലില്‍ ബിജെപി ഇക്കാര്യം പലതവണ ഉന്നയിച്ചെങ്കിലും കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മേയര്‍ ആര്യാ രാജേന്ദ്രനും സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക