തിരുവനന്തപുരം: ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും ചോര്‍ത്തിയവരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് എബിവിപി വിദ്യാഭ്യാസ മന്തി വി. ശിവന്‍കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോലും അറസ്റ്റു ചെയ്യുന്ന പോലീസ് അഞ്ച് ദിവസമായിട്ടും ചോദ്യ പേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊല്യൂഷനിലെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ലെന്ന് ഈശ്വരപ്രസാദ് പറഞ്ഞു. അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്താല്‍ നടപടിയെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എത്ര പേര്‍ക്കെതിരേ നടപടിയെടുത്തു. ആരാണ് സ്വകാര്യ ട്യൂഷനെടുക്കുന്നതെന്നും ആരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്നും കണ്ടെത്താനോ അവരെ അറസ്റ്റു ചെയ്യാനോ സാധിക്കാത്ത ഭരണകൂടമായി പിണറായി സര്‍ക്കാര്‍. എംഎസ് സൊല്യൂഷനിലെയും ചോദ്യ പേപ്പര്‍ ചോര്‍ത്തുന്ന മുഴുവന്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകളെയും അദ്ധ്യാപകരെയും 24 മണിക്കൂറിനുള്ളില്‍ അറസ്റ്റുചെയ്യണമെന്ന് ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ എബിവിപിയുടെ അതിശക്തമായ പ്രതിഷേധം മന്ത്രി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജോ. സെക്രട്ടറി കല്യാണി ചന്ദ്രന്‍, സംസ്ഥാന സമിതിയംഗം സായിപൂജ, ജില്ലാ സെക്രട്ടറി അനന്തു മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക