ന്യൂഡൽഹി :ഇന്ത്യയിലെ ഏറ്റവും അഭിമാനമുള്ള പദവികളിലൊന്നാണ് സിവിൽ സർവ്വീസ് . ഏറെ കഷ്ടപ്പെട്ടാണ് പലരും ഇത് സ്വന്തമാക്കുന്നതും . എന്നാൽ ഐപിഎസ് ഓഫീസർ എന്ന നിലയിൽ, ഭൗതിക നേട്ടത്തിലും പ്രശസ്തിയിലും തൃപ്തനാകുന്നതിനു പകരം, മാനസിക സമാധാനം നേടാൻ, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ച് ആത്മീയതയിൽ സ്വയം അർപ്പിക്കാനുള്ള തീരുമാനമെടുത്ത ഐ പി എസ് ഓഫീസറാണ് ഭാരതി അറോറ. ഭഗവാനെ സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെക്കാൻ , ശ്രീകൃഷ്ണഭക്തിയിൽ ലയിക്കാനാണ് ഈ വനിതാ ഐപിഎസ് ഓഫീസർ തന്റെ ജോലി ഉപേക്ഷിച്ചത്.
ഹരിയാന കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഭാരതി അറോറ. 1998 ബാച്ച് ഐപിഎസ് ഭാരതി അറോറ ഹരിയാനയിലെ പല ജില്ലകളിലും സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) ആയും കർണാൽ റേഞ്ചിലെ ഇൻസ്പെക്ടർ ജനറലായും (ഐജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരിയറിൽ ഉടനീളം ബോംബ് സ്‌ഫോടനങ്ങളും നിരവധി സുപ്രധാന കേസുകളും അന്വേഷിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
സത്യസന്ധയായ പോലീസ് ഉദ്യോഗസ്ഥയായി അറിയപ്പെടുന്ന ഭാരതി, എസ്പിയായിരിക്കെ ഒരു പ്രമുഖ രാഷ്‌ട്രീയക്കാരനെയും ഒരിക്കൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കരിയറിൽ ധീരമായ പല തീരുമാനങ്ങളും എടുത്ത ചരിത്രവുമുണ്ട് ഭാരതി അറോറയ്‌ക്ക്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കാനും ഭാരതി മടിച്ചില്ല. ഈ മാതൃകാപരമായ പ്രവർത്തനത്തിന് സർക്കാരിൽ നിന്ന് നിരവധി ബഹുമതികളും ഇവർക്ക് ലഭിച്ചു.
2004-ൽ വൃന്ദാവനം സന്ദർശിച്ച ശേഷമാണ് ഭാരതി അറോറയുടെ ജീവിതം മാറിമറിഞ്ഞത് . ‘ ശ്രീകൃഷ്ണനോട് എനിക്ക് അഗാധമായ സ്നേഹം വളർന്നു. സ്വയം കൃഷ്ണനിൽ അർപ്പിക്കാൻ തീരുമാനിച്ചു. പത്തുവർഷത്തെ സർവീസ് ഉള്ളപ്പോൾ തന്നെ വോളണ്ടറി റിട്ടയർമെൻ്റ് എടുത്തു. കൃഷ്ണഭക്തയായ മീരാ ബായിയെപ്പോലെ, ജീവിതം കൃഷ്ണന്റെ സേവനത്തിനായി സമർപ്പിച്ചു . ‘ ഭാരതി അറോറ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: