India

അദാനി ഗ്രൂപ്പിനെതിരായ ഹർജി തള്ളി ബോംബെ ഹൈക്കോടതി ; ഹർജിക്കാരന് 50,000 രൂപ പിഴ

Published by

മുംബൈ : മഹാരാഷ്‌ട്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ വൈദ്യുതി കരാറിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഹർജിക്കാരന് 50,000 രൂപ പിഴയും വിധിച്ചു.ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് അമിത് ബോർക്കറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ശ്രീരാജ് നാഗേശ്വർ അപൂർവാർ നൽകിയ ഹർജി തള്ളിയത്.

നിലവിൽ ഉപമുഖ്യമന്ത്രിയായ മുൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കെതിരെയും അദാനി ഗ്രൂപ്പിന് കരാർ നൽകുമ്പോൾ അഴിമതി നടത്തിയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഹരജിക്കാരന്റെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമായിരുന്നുവെന്ന് കോടതി വിലയിരുത്തി.

മഹാരാഷ്‌ട്രയിൽ 6,600 മെഗാവാട്ട് പുനരുപയോഗിക്കാവുന്നതും താപവൈദ്യുതിയും വിതരണം ചെയ്യുന്നതിനായാണ് അദാനി ഗ്രൂപ്പിന് കരാർ നൽകിയത് . അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹർജി നൽകുന്നത് കൊണ്ട് ചിലപ്പോൾ നല്ല കാര്യങ്ങൾ പോലും നടക്കാതെ പോകുമെന്നും മുൻ മുഖ്യമന്ത്രി അഴിമതി നടത്തിയതിന് ഹർജിയിൽ തെളിവില്ലെന്നും ഹർജിക്കാരൻ ടെൻഡറിൽ പങ്കെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി . 50,000 രൂപ ഹർജിക്കാരൻ മഹാരാഷ്‌ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ പിഴയായി നൽകണമെന്നും കോടതി നിർദേശിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക