Kerala

എല്ലാവര്‍ക്കും അഭയമേകിയ ഹിന്ദു തകര്‍ച്ചയുടെ വക്കില്‍: ടി.പി.സെന്‍കുമാര്‍

Published by

തിരുവനന്തപുരം: 1996 ല്‍ ക്രൈംബ്രാഞ്ച് ഡിഐജി ആയിരുന്ന കാലത്ത് വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ കത്തിക്കലും കൊലപാതകവും അന്വേഷിക്കുന്നതിനിടയിലാണ് കേരളത്തിലെ മതതീവ്രവാദത്തിന്റെ ആഴം തിരിച്ചറിഞ്ഞതെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. ആര്‍ഷവിദ്യാസമാജം സംഘടിപ്പിച്ച ചടങ്ങില്‍ ‘മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാ സ്‌റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തീവ്രമായ മതപ്രവര്‍ത്തനത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുകയായിരുന്നു നാം. സര്‍വമത സാരവുമേകമെന്ന് ഹിന്ദുക്കള്‍ പറയുമ്പോഴും തിരിച്ചിങ്ങോട്ട് അങ്ങിനെയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സെമിറ്റിക് മതങ്ങള്‍ ഇതംഗീകരിക്കാറില്ല. ലെബനനും പാകിസ്ഥാനും ബംഗ്ലാദേശും നമ്മള്‍ കാണാതെ പോകരുത്. എല്ലാത്തിനെയും സ്വീകരിക്കുന്ന മതമെന്ന് പറയുമ്പോഴും എല്ലാത്തിനെയും സ്വീകരിച്ച് ഒടുവില്‍ സ്വീകരിച്ചവര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഹിന്ദുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരിയില്‍ നിന്ന് സംന്യാസിമാര്‍ റോമില്‍ സര്‍വമത സമ്മേളനത്തിന്റെ വാര്‍ഷികാഘോഷത്തിനെത്തി. എന്നാല്‍ തിരിച്ച് ഇങ്ങോട്ടുമുണ്ടാകുമോ എന്ന് നാം ചിന്തിക്കേണ്ടതാണ്. അഭയംകൊടുത്ത ആളുകളാല്‍ ലെബനനിലുള്ളവര്‍ തുടച്ചുനീക്കപ്പെട്ടു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പാകിസ്ഥാനിലുണ്ടായിരുന്ന 22 ശതമാനം ഹിന്ദുക്കള്‍ ഒരു ശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിലുണ്ടായിരുന്ന 33 ശതമാനം ഹിന്ദുക്കള്‍ എട്ടു ശതമാനമായി. മതത്തിന്റെ പേരില്‍ നടക്കുന്നത് ആശയപരമായ സംഘര്‍ഷമല്ലെന്നും വാളുകളുടേതാണെന്നും അദ്ദേഹം പറഞ്ഞു. നാം നിലനില്‍ക്കുന്ന ഇടംപോലും നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും വലിയ ഉത്സവങ്ങള്‍ സംഘടിപ്പിച്ച് ക്ഷേത്രവരുമാനം ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണമെന്നും വിശ്വാസികളുടെ ക്ഷേമത്തിന് അതുപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ഷവിദ്യാസമാജം ആചാര്യന്‍ കെ.ആര്‍. മനോജ് അധ്യക്ഷത വഹിച്ചു. ലൗ ട്രാപ്പ് ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ 60 ഓളം ദുരൂഹമരണങ്ങളുണ്ടായി എന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ തകര്‍ന്നുവെന്നും കെ.ആര്‍. മനോജ് പറഞ്ഞു. മതം മാറ്റത്തിലൂടെ നടക്കുന്നത് ആരാധിക്കുന്ന ദൈവത്തെ മാറ്റലല്ല, മറിച്ച് ജനങ്ങളെ രാഷ്‌ട്രത്തിനെതിരെ തിരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ജി. വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ‘മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാ സ്‌റ്റോറി’ പുസ്തകത്തിന്റെ ആദ്യ കോപ്പി അഡ്വ. സീമ ഹരിക്ക് നല്‍കി ടി.പി. സെന്‍കുമാര്‍ പ്രകാശനം ചെയ്തു. പുസ്തക രചയിതാക്കളായ സന്തോഷ് ബോബന്‍, വി.ആര്‍. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക