ശിവഗിരി: മലയാള ഭാഷയുടെ നവോത്ഥാന പ്രസ്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി നടന്ന മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
വെണ്‍മണിപ്രസ്ഥാനകവിതകളില്‍ നിന്നു മഹാകവി കുമാരനാശാനെ തിരുത്തിയതു ഗുരുദേവനായിരുന്നു. ശൃംഗാരകവിതകള്‍ രചിച്ചുകൊണ്ടിരുന്ന ആശാനെ ഗുരുദേവന്‍ പിന്‍തിരിപ്പിച്ചു. പിന്നാലെ ദാര്‍ശനിക കവിതകള്‍ക്കൊപ്പം ഗുരുദേവ ദര്‍ശന ഭാഷ്യമാണു ആശാന്‍ ലോകത്തിനു സമര്‍പ്പിച്ചതെന്നും സ്വാമി പറഞ്ഞു.
കേരളം കണ്ട വിശ്വമഹാകവിയായിരുന്നു കുമാരനാശാന്‍ എന്ന് പ്രഭാഷണം നടത്തിയ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ പറഞ്ഞു. കുമാരനാശാന്‍ കടുത്ത ദേശീയവാദിയും മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തിയുമായിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് അന്നത്തെ ദുസ്സഹമായ വ്യവസ്ഥിതിക്കെതിരെ വിരല്‍ ചൂണ്ടി ഗര്‍ജിച്ച നവോത്ഥാന കവി. രാഗം മാംസനിബദ്ധമല്ലെന്ന് എല്ലാ തലമുറയിലെയും യുവതയെ ഉദ്ബോധിപ്പിച്ച വേദാന്ത കവി, ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴുമേറനാട്ടില്‍ കവിതയുടെ കരുത്തുകൊണ്ട് നൂറ്റാണ്ടിന്റെ പോരാട്ടം കാലങ്ങള്‍ക്ക് മുമ്പേ നയിച്ച വിപല്‍കവി, മതപരിവര്‍ത്തന രസവാദത്തിലൂടെയും ശ്രീനാരായണ ധര്‍മ്മ പരിപാലനത്തിലൂടെയും സ്വധര്‍മ്മരക്ഷ ദൗത്യമാക്കിയ കുമാരകവി, ഇങ്ങനെയെല്ലാം കുമാരനാശാനെ വിശേഷിപ്പിക്കാം, പി ശ്രീകുമാര്‍ പറഞ്ഞു.
സ്വാമി ധര്‍മ്മാനന്ദ അധ്യക്ഷത വഹിച്ചു. വര്‍ക്കല ശ്രീനാരായണ കോളജിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. സിനി ആശാന്റെ ഗുരുദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം, ഗുരുധര്‍മ്മ പ്രചരണസഭ പിആര്‍ഒ പ്രൊഫ. സനല്‍കുമാര്‍, വെട്ടൂര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. തോന്നയ്‌ക്കല്‍ ആശാന്‍ സ്മാരക അവാര്‍ഡ് ജേതാവ് എന്‍.എസ്. സുരേഷ് കൃഷ്ണന് ഉപഹാരം നല്‍കി. കവിതാരചനാ മത്സരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക