Entertainment

IFFK: ആര്‍ട്ട് സിനിമകള്‍ക്കുള്ള സ്വീകാര്യത കുറഞ്ഞു: ആന്‍ ഹുയി

Published by

തിരുവനന്തപുരം: വാണിജ്യ സിനിമകള്‍ക്കിടയില്‍ ആര്‍ട്ട് സിനിമകള്‍ക്കുള്ള സ്വീകാര്യത കുറഞ്ഞു വരുന്നുവെന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവും വിഖ്യാത ചലച്ചിത്രകാരിയുമായ ആന്‍ ഹുയി. സ്ത്രീ എന്ന സ്വത്വത്തില്‍ നിന്നുകൊണ്ട് ചിന്തിക്കാനും ലോകത്തെ കാണാനും ശ്രമിച്ചിരുന്നു. ഇന്നു സ്ത്രീപക്ഷ സിനിമകള്‍ കൂടി വരുകയാണ്. ആ സിനിമകളില്‍ വ്യത്യസ്തത തിരയുകയാണ് താനെന്നും സംവിധായിക കൂട്ടിച്ചേര്‍ത്തു. കൊവിഡിന് മുന്‍പ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനോടുവില്‍ എത്തിച്ചേര്‍ന്നത് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാന്‍ വേണ്ടിയാണെന്നത് ഏറെ സന്തോഷം നല്‍കുന്നു ആന്‍ ഹുയി പറഞ്ഞു.

തിരക്കഥാകൃത്തും അഭിനേത്രിയും കൂടിയായ ആന്‍ ഹുയി സംവിധാന മികവുകൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും സിനിമാരംഗത്തു ശ്രദ്ധനേടിയിട്ട് 40 വര്‍ഷം കഴിഞ്ഞു. ഈ കാലയളവില്‍ ഹോങ്‌കോങ്ങിന്റെ ചരിത്രവും, പലായനവും കുടിയേറ്റവുമെല്ലാം ആന്‍ ഹൂയി സിനിമകള്‍ക്ക് ആധാരമായിട്ടുണ്ട്. എങ്കിലും സിനിമയ്‌ക്കുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം തനിക്കെത്താന്‍ കഴിഞ്ഞിട്ടില്ല എന്നു സംവിധായിക പറഞ്ഞു. സിനിമകള്‍ ചരിത്രത്തെ സംരക്ഷിക്കുകയാണ്. ചെറുപ്പത്തില്‍ രാഷ്‌ട്രീയത്തെ വിലക്കപ്പെട്ട കനിയായി കണ്ടിരുന്നെങ്കിലും രാഷ്‌ട്രീയബോധം ഇല്ലാതെ നിലനില്‍പ്പസാധ്യമാണെന്നു കാലക്രമേണ മനസിലായെന്നും ആന്‍ ഹുയി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by