തിരുവനന്തപുരം: എണ്‍പതുകളില്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന, മലയാളിയുടെ എക്കാലത്തെയും പ്രിയങ്കരിമാരായ നടിമാരോട് ഇന്നും സിനിമാപ്രേമികള്‍ക്കുള്ള ഇഷ്ടത്തില്‍ തെല്ലും കുറവ് വന്നിട്ടില്ല. ഇതിന്റെ തെളിവായി ഇന്നലെ ഐഎഫ്എഫ്‌കെയില്‍ നടിമാര്‍ക്കുള്ള ആദരവ്. മറക്കില്ലൊരിക്കലും എന്ന പേരില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാണികളെ ആവേശത്തിലാക്കി. പഴയ കാല നടിമാരായ ടി. ആര്‍. ഓമന, വഞ്ചിയൂര്‍ രാധ, വിനോദിനി, രാജശ്രീ, കെ. ആര്‍. വിജയ, സച്ചു, ഉഷ കുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ചെമ്പരത്തി ശോഭന, കനകദുര്‍ഗ്ഗ, റീന, മല്ലിക സുകുമാരന്‍, ഹേമ ചൗധരി, ഭവാനി, അനുപമ മോഹന്‍, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരെയാണ് ഐഎഫ്എഫ്‌കെ വേദിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിച്ചത്.

ആദരവ് ഏറ്റുവാങ്ങാനായി ഓരോരുത്തരും എഴുന്നേല്‍ക്കുമ്പോഴും നിറഞ്ഞ് കൈയടിയാണ് സദസ്സില്‍ നിന്ന് ലഭിച്ചത്. നടിമാര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ആലപിച്ച് കാണികള്‍ സന്തോഷം പ്രകടിപ്പിച്ചു. ഒരുമിച്ച് അഭിനയിച്ച പലരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടിക്കാണുന്നത്. അതുകൊണ്ട് തന്നെ പലര്‍ക്കും വിശേഷങ്ങള്‍ പറയാന്‍ ഏറെയുണ്ടായി. സംഭാഷണങ്ങള്‍ ദീര്‍ഘ നേരം നീണ്ടു. ആദരവിനിടെ, അഭിനയിച്ച സിനിമകളുടെ ചെറിയ ഭാഗങ്ങള്‍ വിലിയ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ ഓരോരുത്തരും സന്തോഷത്തില്‍ മതിമറന്നു. സദസ്സില്‍ നിന്നുള്ള കൈയടികൂടിയായപ്പോള്‍ ഓരോരുത്തരും പഴയ നടിമാരായി മാറി. തങ്ങളെ ആരും മറന്നിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി നിറഞ്ഞ കൈയടി.
പ്രേം നസീര്‍ മുതല്‍ കമലഹാസന്‍ വരെയുള്ളവരോടൊപ്പം അഭിനയിച്ചവരാണ് ഇന്നലെ ആദരവ് സ്വീകരിക്കാനെത്തിയവരില്‍ ഏറെയും. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും ഐഎഫ്എഫ്‌കെയില്‍ നിന്നുള്ള ഇങ്ങനെയൊരു ആദരവ് ആദ്യമാണെന്ന് നടിമാര്‍ പറഞ്ഞു. ഇതില്‍ വലിയ സന്തോഷമുണ്ടെന്നും ഇനിയും ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തട്ടെയെന്നും പലരും ആശംസിച്ചു. മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കം വരെ സിനിമയില്‍ നിറഞ്ഞ് നിന്നവരെ മലയാളികള്‍ മറക്കില്ലെന്നതിന്റെ ഒര്‍മ്മപ്പെടുത്തലായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: