ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ ഊന്നിനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഴങ്ങിക്കേട്ടത് കരുത്തുറ്റ രാഷ്‌ട്ര നേതാവിന്റെ ശബ്ദമായിരുന്നു. ശരിയായ മാര്‍ഗമേതെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും അതുവഴിതന്നെ മുന്നോട്ടുപോകുമെന്നുമുള്ള കൃത്യമായ സൂചന അതിലുണ്ടായിരുന്നു.
രാഷ്‌ട്രത്തെ മുന്‍കാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞത്തിലെ ചവിട്ടുപടികളായിരുന്നു പ്രസംഗത്തിലെ പതിനൊന്നു പ്രതിജ്ഞകള്‍. ചുവടുപിഴയ്‌ക്കാത്തവര്‍ക്ക് ചാഞ്ചല്യത്തിന്റെ കാര്യമില്ലല്ലോ. മോദിയും അദ്ദേഹം നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരും വ്യക്തമായ ലക്ഷ്യബോധത്തോടെ കൃത്യമായ ദിശയിലേയ്‌ക്കു തന്നെയാണു മുന്നേറുന്നത്. അതിന്റെ ആത്മവിശ്വാസം സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കും ആ ലക്ഷ്യബോധം തിരിച്ചറിയുന്നവര്‍ക്കുമുണ്ട്. അധികാരം പിടിക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കാന്‍ മടിക്കാത്തവര്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പും ആ വാക്കുകളില്‍ തെളിഞ്ഞു നിന്നു. അതിനൊപ്പം, രാഷ്‌ട്രബോധത്തില്‍ ഊന്നിനിന്നു ചിന്തിക്കുന്നവര്‍ക്കുള്ള തലോടലും അതില്‍ വായിക്കാം. എന്തിനും ഏതിനും ഭരണ ഘടനയെ കൂട്ടുപിടിക്കുകയും അതേസമയം തന്നെ അത് അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. അത് ഇന്നിന്റെ ആവശ്യവുമായിരുന്നു.
സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഭരണഘടനയേയും രാഷ്‌ട്രത്തേയും അനാദരിക്കുകയും സ്വാര്‍ത്ഥ ലാഭത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തവരുടെ പിന്‍തലമുറകള്‍ക്ക് ഭരണഘടനയെന്നാല്‍, ആവശ്യം വരുമ്പോള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള ഒരു പുസ്തകം മാത്രമായിരിക്കാം. അതിന്റെ മഹത്വവും മൂല്യവും അവര്‍ക്ക് ഉള്‍ക്കൊള്ളാനായെന്നു വരില്ല. പക്ഷേ, അതിനെ ആദരിക്കുന്ന വലിയൊരു ഭൂരിപക്ഷം രാജ്യത്തുണ്ട്. അവരുടെ ശബ്ദമാണ്, പ്രധാനമന്ത്രി അടക്കമുള്ളവരിലൂടെ ലോക്സഭയില്‍ ഭരണകക്ഷി ബഞ്ചുകളില്‍ നിന്നു മുഴങ്ങിയത്. ഭാരതത്തിലെവിടെയുള്ളവരും സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ ഭാരതീയര്‍ തന്നെയാണ്. ആ ബോധം ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും സാധാരണക്കാരുടെ തലത്തിലും കൊണ്ടുവരാനും നിലനിര്‍ത്താനുമുള്ള സംവിധാനങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തു വരുന്നത്. അതിന്റെ ഭാഗമാണ് ഒരു രാജ്യം, ഒരു നികുതി, ഒരു നിയമം തുടങ്ങിയ സംവിധാനങ്ങള്‍. റേഷന്‍ സംവിധാനവും ചികിത്സാ സംവിധാനവും വികസന പ്രവര്‍ത്തികളും ഇതേ ലക്ഷ്യത്തോടെയും മനഃസ്ഥിതിയോടെയുമാണ് നടപ്പാക്കുന്നത്. ഇതു ഭാരതം, നമ്മള്‍ ഭാരതീയര്‍ എന്ന വികാരം ഓരോരുത്തരുടേയും മനസ്സില്‍ ഉറപ്പിക്കാന്‍ ഇതൊക്കെ സഹായിക്കും. എക്കാലവും വിഭജനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ദേശ, ഭാഷ, മത, പ്രാദേശിക തലങ്ങളില്‍ ഭിന്നത സൃഷ്ടിച്ച് തന്‍കാര്യം നേടിയിരുന്നവരുടെ രാഷ്‌ട്രീയ കാഴ്ചപ്പാടില്‍ നിന്നു വ്യതിചലിച്ചാണ് ഇന്നത്തെ ഭാരതം സഞ്ചരിക്കുന്നത്. വികസ്വര രാഷ്‌ട്രത്തില്‍ നിന്ന് വികസിത രാഷ്‌ട്രത്തിലേയ്‌ക്കുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് ആ ചിന്ത തന്നെയാണ്. ഭരണതലത്തിലെ അഴിമതികള്‍ പോയകാല കഥകളായി മാറുമ്പോള്‍ ആ കലത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചിലരിവിടെ. അവരാണ് പുതിയ സംവിധാനത്തില്‍ അസ്വസ്ഥരാകുന്നത്.
ഒരു കുടുംബത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനനുസരിച്ചായിരുന്നു പതിറ്റാണ്ടുകളോളം നമ്മുടെ ഭരണം മുന്നോട്ടുപോയിരുന്നത്. അത് കൊടും വഞ്ചനകളുടേയും വിഭാഗീയതയുടേയും വര്‍ഗീയ ചിന്തകളുടേയും മുതലെടുപ്പുകളുടേയും കാലമായിരുന്നു. അവര്‍ ഭരണഘടനയെ നിന്ദിച്ചു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനേയും ഭീം റാവു അംബേദ്ക്കറേയും പോലുള്ളവരെ അവഗണിച്ചു. രാഷ്‌ട്രത്തെ ബാഹ്യ ശക്തികള്‍ക്കു തീറെഴുതാന്‍ ഒരുങ്ങി. ജനത്തെ തരംതിരിച്ച് വോട്ടു ബാങ്കുകളുണ്ടാക്കി. പ്രീണന രാഷ്‌ട്രീയം വഴി കസേരകള്‍ ഉറപ്പിക്കുകയും ചെയ്തു. നാശത്തിന്റെ പടുകുഴിയില്‍ നിന്ന് തിരിച്ചറിവിലൂടെ കരകയറിയ ഭാരതം ഇന്നു വളര്‍ച്ചയുടെ പാതയിലാണ്. ആ തിരിച്ചറിവിനു പിന്നില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നീണ്ടകാലത്തെ നിസ്വാര്‍ഥ-നിശ്ശബ്ദ പ്രവര്‍ത്തനത്തിന്റെ ശക്തിയുണ്ടായിരുന്നു. കൈവിട്ടുപോയ അധികാരം ഇന്നു പലരേയും ആശങ്കയിലാക്കുന്നുണ്ട്. അവര്‍ പലതും ഭയക്കുന്നുണ്ട്. അധികാരം തിരിച്ചു പിടിക്കാന്‍ വിദേശത്തെ അധിനിവേശ ശക്തികളുമായി കൈകോര്‍ക്കുന്ന അവരുടെ രഹസ്യങ്ങള്‍ പുറത്തു വരുന്നുമുണ്ട്. അത്തരക്കാരെ പേടിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ടെങ്കില്‍ അത് അവര്‍ക്കുള്ള മുന്നറിയിപ്പായി കാണാം. ഇതു പുതിയ ഭാരതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക