ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന് സമാപ്തി. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത ഓരോരുത്തരും ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ആഗോളതലത്തില്‍ ആയുര്‍വേദത്തിന്റെ സ്ഥാനം കൂടൂതല്‍ ഉന്നതിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിലൂടെ ഉത്തരാഖണ്ഡില്‍ ആയുര്‍വേദത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമൻ, അഡീഷണൽ സെക്രട്ടറി ഡോ. വിജയകുമാര്‍ ജോഗ്ദൻഡെ,വിജ്ഞാൻ ഭാരതി ദേശീയ സഹ സംഘടന സെക്രട്ടറി പ്രവീൺ രാംദാസ്,വേൾഡ് ആയുർവേദ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ , സംഘാടക സമിതി ദേശീയ സെക്രട്ടറി ജനറൽ പ്രൊഫ. അനൂപ് താക്കൂർ എന്നിവര്‍ സംസാരിച്ചു.
ആഗോള ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ് നടക്കുന്ന വേളയിലാണ് നാല് ദിവസത്തെ ലോക ആയുര്‍വേദ കോണ്‍ഗ്രസിന് ഡെറാഡൂണ്‍ പരേഡ് ഗ്രൗണ്ട് വേദിയായത്. ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ആധുനിക സാങ്കേതിക വിദ്യയെ ആയുര്‍വേദ ഗവേഷണങ്ങളിലും മരുന്ന് നിര്‍മാണത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയായി.
58 രാജ്യങ്ങളില്‍ നിന്നുള്ള 320 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 10,321 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ആരോഗ്യ എക്‌സ്‌പോയും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മൂന്നര ലക്ഷത്തിലധികം പേരാണ് എക്‌സ്‌പോകാണാനെത്തിയത്. ആയുര്‍വേദ ചികിത്സകര്‍, ഗവേഷകര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപക-വിദ്യാര്‍ത്ഥി സമൂഹം തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമഗ്ര സമ്മേളനമായിരുന്നു ലോകആയുര്‍വേദ കോണ്‍ഗ്രസ്. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനാണ് സംഘാടകര്‍. കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സാ ഗവേഷണ സ്ഥാപനങ്ങള്‍, ആയുര്‍വേദ സര്‍വകലാശാലകള്‍ തുടങ്ങിയവയും ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: