Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതി സര്‍ക്കാര്‍തന്നെ

Published by

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യഥാര്‍ത്ഥ പ്രതി സര്‍ക്കാര്‍. മുമ്പ് സമാനമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കൊടുവള്ളി എഇഒ സപ്തംബര്‍ 16 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചോര്‍ച്ചയ്‌ക്കു പിന്നില്‍ ട്യൂഷന്‍ സെന്റര്‍ മാഫിയകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ചേര്‍ന്ന റാക്കറ്റാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും എടുത്തില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചോദ്യച്ചോര്‍ച്ച.

യുട്യൂബിലാണ് ചോദ്യങ്ങള്‍ വന്നത്. കോഴിക്കോട്ട് ട്യൂഷന്‍ സെന്ററുകള്‍ വ്യാപകമാണ്. ഇവര്‍ തമ്മിലുള്ള കിടമത്സരവും ശക്തമാണ്. എംഎസ് സൊല്യൂഷന്‍സ്, എഡ്യൂപോര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ പ്രചാരണാര്‍ത്ഥം സാധ്യതയുള്ളതെന്ന് പറഞ്ഞ് യൂട്യൂബര്‍മാര്‍ വഴിയും മറ്റും ചോദ്യങ്ങള്‍ പ്രചരിപ്പിക്കും. അത്തരത്തിലാണ് ഇത്തവണയും ചോദ്യം ചോര്‍ന്നത്.

പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്ന് യു ട്യൂബ് ചാനലിലൂടെ പുറത്തുവന്നത് ഇപ്പോഴത്തെ വിവാദം. എന്നാല്‍ ഈ ചോര്‍ച്ച എങ്ങനെയെന്ന് കണ്ടെത്താന്‍ എളുപ്പമല്ലെന്ന് ചിലര്‍ വിചിത്ര ന്യായം പറയുന്നു.

ചോദ്യപേപ്പര്‍ തയാറാക്കുന്നത് പലരാണ്. പത്താം ക്ലാസ് ചോദ്യപേപ്പര്‍ തയാറാക്കുന്നത് ഡയറ്റുകളാണ്്. ഇതിന് കര്‍ശന സുരക്ഷാ സംവിധാനമില്ല. അദ്ധ്യാപകരും അനദ്ധ്യാപകരും പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. പ്ലസ് വണ്‍ ചോദ്യപേപ്പര്‍ എസ്സിഇആര്‍ടി ശില്പശാലയിലാണ് തയാറാക്കുന്നത്.

രണ്ടു സെറ്റ് ചോദ്യപേപ്പര്‍ തയാറാക്കി അതില്‍ ഒന്ന് കേരളത്തിന് പുറത്തെ പ്രസ്സില്‍ അച്ചടിച്ച്് അവര്‍ തന്നെയാണ് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. വാട്‌സ്ആപ്പ്, ഇ മെയില്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. അതിനാല്‍ എവിടെച്ചോര്‍ന്നെന്ന് കണ്ടെത്താനാവില്ലെന്നാണ് പ്രചാരണം.

എന്നാല്‍, ഭരണകക്ഷി സംഘടനകളിലെ അദ്ധ്യാപക- അനദ്ധ്യാപക യൂണിയനില്‍ ഉള്ളവരാണ് പ്രധാന സ്ഥാനങ്ങളിലുള്ളത്. ട്യൂഷന്‍ സെന്ററുകളിലെ അദ്ധ്യാപകരും ഭരണകക്ഷിയിലുള്ളവരാണ്. അന്വേഷണം നടത്തിയാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരില്‍ ചിലരും പിടിയിലാകുമെന്നാണ് പറയുന്നത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സംഭവത്തെ നിസാരവല്‍ക്കരിക്കാനും ഉത്തരവാദിത്തം അദ്ധ്യാപകരില്‍ ചുമത്താനുമാണ് ശ്രമിച്ചത്. സിപിഐ നേതാവ് ബിനോയ് വിശ്വം അന്വേ
ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ടിയു പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക