Cricket

ഗബ്ബ ടെസ്റ്റ്: കരുത്തോടെ ഓസീസ് ഒറ്റയാന്‍ ഏറുമായ് ബുംറ

Published by

ബ്രിസ്‌ബേന്‍: ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ദിനം മഴ ഒഴിഞ്ഞു നിന്നപ്പോള്‍ കളി നന്നായി നടന്നു. 88 ഓവറുകള്‍ എറിയാന്‍ സാധിച്ചു. ആതിഥേയരായ ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിങ്‌സില്‍ കരുത്തന്‍ സ്‌കോറിലേക്ക് കുതിക്കാന്‍ സാധിച്ചു. മത്സരം മൂന്നാം ദിവസത്തേക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഓസീസ് 405 റണ്‍സെടുത്തിട്ടുണ്ട്.

കംഗാരുപ്പടയുടെ പരിചയ സമ്പന്നനായ സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്ത് ഫോമിലേക്ക് ഉയര്‍ന്നത് ഓസീസിന് ഇരട്ടി ഊര്‍ജ്ജമായി. തകര്‍ന്നു തുടങ്ങിയ ടീമിനെ സ്മിത്തിനൊ
പ്പം ട്രാവിസ് ഹെഡും ചേര്‍ന്ന് സുരക്ഷിത ടോട്ടലിലേക്ക് നയിക്കുകയായിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം സ്മിത്ത് സെഞ്ച്വറി നേട്ടം ആഘോഷിച്ചപ്പോള്‍(101) ട്രാവിസ് ഹെഡ് പതിവ് രക്ഷാ ദൗത്യം അവിസ്മരണീയമായി നിറവേറ്റി. ജസ്പ്രീത് ബുംറ എന്ന സൂപ്പര്‍ താരത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന ഭാരതത്തിന്റെ പരിതാപകരമായ അവസ്ഥയ്‌ക്കും ഇന്നലെ ഗബ്ബ സ്‌റ്റേഡിയം സാക്ഷിയായി. ഓസീസിന് നഷ്ടപ്പെട്ട ഏഴ് വിക്കറ്റുകളില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത് ബുംറയാണ്. മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റുകള്‍ നേടി.

മഴ കളിമുടക്കും മുമ്പ് ഒന്നാം ദിനം 13.2 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ നേടിയ 28 റണ്‍സുമായാണ് ഓസ്‌ട്രേലിയ ഇന്നലെ കളി തുടങ്ങിയത്. ഈ സ്‌കോറിലേക്ക് മൂന്ന് റണ്‍സ് മാത്രം കൂട്ടിചേര്‍ക്കുമ്പോഴേക്കും ബുംറ ആതിഥേയര്‍ക്കുമേല്‍ ആദ്യ ആഘാതമേല്‍പ്പിച്ചു. ഉസ്മാന്‍ ഖവാജയെ(21) പന്തിന്റെ കൈകളിലെത്തിച്ചു. അധികം താമസിയാതെ മറ്റൊരു ഓപ്പണര്‍ നഥാന്‍ മക് സ്വീനിയെയും(ഒമ്പത്) പുറത്താക്കി ബുംറ ഓസീസിനെ വിറപ്പിച്ചു. പകരമെത്തിയ സ്റ്റീവന്‍ സ്മിത്ത് ഒരുവശത്ത് ഇന്നിങ്‌സ് പടുക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മാര്‍നസ് ലഭൂഷെയ്‌നെ(12) വീഴ്‌ത്തി നിതീഷ് റെഡ്ഡി മത്സരം ഭാരതത്തിന് അനുകൂലമായി തിരിച്ചെന്ന് തോന്നിച്ചു. ഈ സമയം ആതിഥേയ സ്‌കോര്‍ മൂന്നിന് 75 എന്ന നിലയിലായിരുന്നു.
എന്നാല്‍ പിന്നീട് കളി മാറുന്ന രംഗമാണ് കണ്ടത്. ഫോമിലേക്കുയര്‍ന്ന സ്മിത്തിന്റെയും ഇടംകൈയ്യന്‍ ട്രാവിസ് ഹെഡിന്റെയും ബാറ്റിങ്ങില്‍ പന്ത് നാല് പാടും അതിര്‍ത്തി കടുകൊണ്ടിരുന്നു. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 50 ഓവിറിനോടടുത്ത് നീണ്ടു നിന്നു. 241 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടുമുണ്ടാക്കി. ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ബുംറയ്‌ക്കേ സാധിച്ചുള്ളൂ. സ്മിത്തിനെ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചായിരുന്നു ആ നിര്‍ണായക വിക്കറ്റ് കൊയ്‌ത്ത്. തുടര്‍ന്ന് ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും രണ്ട് വീക്കറ്റുകള്‍ കൂടി വീണു. രണ്ടും നേടിയത് ബുംറ. മിച്ചല്‍ മാര്‍ഷിനെയും ട്രാവിസ് ഹെഡിനെയും ഒരേ ഓവറിന്റെ യഥാക്രമം രണ്ടാമത്തെയും അഞ്ചാമത്തെയും പന്തില്‍ ബുംറ പുറത്താക്കി. ശേഷം ഏഴാം വിക്കറ്റില്‍ അലെക്‌സ് കാരി നായകന്‍ പാറ്റ് കമ്മിന്‍സുമായി(20) ചേര്‍ന്ന് 58 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ അല്ലാത്ത കമ്മിന്‍സിനെ മുഹമ്മദ് സിറാജ് ആണ് പുറത്താക്കിയത്. പത്താമനായെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ(ഏഴ്)യും കൂട്ടുപിടിച്ച് അലെക്‌സ് കാരി(പുറത്താകാതെ 45) ഓസീസ് സ്‌കോര്‍ 400 കടത്തിയതോടെ ഗബ്ബയിലെ രണ്ടാം ദിനം പൂര്‍ത്തിയായി. ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം മാത്രമാണ് ഭാരതത്തിന് ഈ ദിവസം ആശ്വാസമായി പറയാനുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by