കോട്ടയം:മലയാളിയുടെ മാറിയ മനോഭാവത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിച്ച് ഒരു അപകട ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.തിരുവനന്തപുരം പാറശ്ശാലയില്‍ ചെങ്കവിള ചെക്‌പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലേക്ക് മറ്റൊരു കാര്‍ ദിശ തെറ്റി പാഞ്ഞു വന്ന് ഇടിക്കുന്നതും റോഡരുകിലൂടെ നടന്നുവന്ന ഒരു യുവതി അത്ഭുതകരമായ രക്ഷപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇടിച്ച കാര്‍ അല്പം കൂടി മുന്നോട്ട് പോയി ശേഷം തലകീഴായി മറിയുന്നുമുണ്ട്.
ഇതിലെല്ലാം ശ്രദ്ധേയമായ കാര്യം ഇത്തരമൊരു അപകടം കണ്ടിട്ടും അതുവഴി വന്നവരാരും തിരിച്ചു നോക്കാതെ പോകുന്നതാണ്. തൊട്ടുമുന്നില്‍ അപകടം നടന്നിട്ടും ഒരാള്‍ മുണ്ടും മടക്കി കുത്തി ഒന്നുമറിയാത്തപോലെ കടന്നുപോകുന്നു. ഇടിച്ച കാര്‍ കരണം മറിഞ്ഞ് തങ്ങള്‍ക്ക് നേരെ വരുന്നതുകൊണ്ട് രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം തിരിച്ച് വന്നവഴി മടങ്ങി പോകുന്നു. സമീപം ഉണ്ടായിരുന്നവരെല്ലാം ഇത്തരമൊരു സംഭവം നടന്നു എന്ന് മട്ടിലെ അല്ല പെരുമാറുന്നത്. അല്പം കഴിഞ്ഞാണ് ഒരു കൗതുക കാഴ്ച എന്നപോലെ ചിലര്‍ വാഹനത്തിന് അടുത്തേക്ക് വന്ന് എത്തിനോക്കുന്നത്. ഇതിനിടയില്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഊര്‍ന്നിറങ്ങി ഇവര്‍ക്കിടയിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.
ഏതായാലും അപകടത്തില്‍ പെടുന്ന മനുഷ്യരോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ ദൃശ്യം.രണ്ടു കാറുകള്‍ക്കിടയില്‍ പെട്ടുപോയ ആ യുവതി നൂലിടവ്യത്യാസത്തിലാണ് രക്ഷപ്പെടുന്നത്.അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ ഇതുപോലെ നോക്കി നില്‍ക്കുമായിരുന്നോ എന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: