കോഴിക്കോട്: മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മെക് സെവനെതിരെ സിപിഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. മെക്ക് സെവനെതിരെ അല്ല താൻ പറഞ്ഞത്. അപൂർവം ചിലയിടങ്ങളിൽ ചില ശക്തികൾ ഈ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു എന്നാണ് പറഞ്ഞതെന്ന് പി.മോഹനൻ പറഞ്ഞു. ഇതിൽ ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് എന്നിവർ ഉണ്ടാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
ഗൂഢ അജണ്ടയ്‌ക്ക് അത്തരം വേദികൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റങ്ങൾക്കെതിരായ ജാഗ്രത നിർദ്ദേശമാണ് ഞാൻ നൽകിയതെന്ന് പി.മോഹനൻ പറയുന്നു. പൊതു ഇടങ്ങളിൽ വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രത നിർദേശമായിരുന്നു അത്. മതനിരപേക്ഷ ഉള്ളടക്കം തകർക്കാൻ ശ്രമം നടക്കുകയാണ്. ചിലയിടങ്ങളിൽ അത്തരക്കാർ പരിശ്രമം നടത്തുന്നതാണ് സംശയം വരാൻ കാരണം.
വ്യത്യസ്ത മത വിശ്വാസികൾ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരെ തങ്ങൾക്ക് ഒപ്പം നിർത്താൻ വർഗീയ ശക്തികൾ ശ്രമം നടത്തും. ഏതെങ്കിലും മതത്തിനെ പരാമർശിച്ചിട്ടില്ലെന്നും എല്ലാ വർഗീയതയേയും ചെറുക്കുമെന്നും പി.മോഹനൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: