Kerala

ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

Published by

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്. ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക.

ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ.

വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകളിലെ ഗൗരവമില്ലായ്മയാണ് അർദ്ധവാർഷിക പരീക്ഷയുട ചോദ്യപേപ്പർ ചോരാനിടയാക്കിയതെന്ന് വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നുണ്ട്. അച്ചടിച്ച സ്ഥലം മുതൽ വിതരണം ചെയത് ബിആർസികളിൽ നിന്നുും വളരെ നേരത്തെ ചോദ്യങ്ങൾ എത്തുന്ന സ്കൂളുകളിൽ നിന്നും വരെ ചോരാൻ സാധ്യതകളേറെ. സ്വന്തം നിലക്കുള്ള പരിശോധനയും വകുപ്പ് നടത്തുന്നു. നാളെ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അർദ്ധവാർഷിക പരീക്ഷയായതിനാൽ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തേണ്ടെന്നാണ് നിലവിലെ ധാരണ.

പ്ലസ് വണ്‍ കണക്കിന്റെയും എസ്എസ്എല്‍സി ഇംഗ്ലീഷിന്റെയും ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യപേപ്പറുകള്‍ പുറത്തായത്. ക്രിസ്മസ് പരീക്ഷാ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷന്‍, എജ്യുപോര്‍ട്ട് അടക്കമുള്ള യൂട്യൂബ് ചാനലുകളിലെ ചോദ്യങ്ങള്‍ക്കു വന്നതോടെയാണ് ചോര്‍ച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പര്‍ തയാറാക്കുന്ന അദ്ധ്യാപകരിലേക്കും ട്യൂഷന്‍ സെന്ററുകളില്‍ ഇപ്പോഴും ക്ലാസെടുക്കുന്ന അദ്ധ്യാപകരിലേക്കുമാണ് അന്വേഷണം നീളുന്നത്.

അതിനിടെ വിവാദത്തില്‍ വിശദീകരണവുമായി എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ അധികൃതര്‍ രംഗത്തെത്തി. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സിഇഒ കൊടുവള്ളി സ്വദേശി ഷുഹൈബ് പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നില്‍ മറ്റു ലേണിങ് പ്ലാറ്റ്‌ഫോമുകളാണെന്നും തന്റെ യൂട്യൂബ് ചാനലിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ഷുഹൈബിന്റെ
വിശദീകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by