കാശി: മാള്‍വയുടെ പരിമിത സൗകര്യങ്ങളിലും ഏറ്റവും മികച്ച സദ്ഭരണം കാഴ്ചവച്ചുവെന്നതാണ് ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ പ്രസക്തിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. ജനക്ഷേമഭരണം റാണി അഹല്യാബായിയെ ലോകമാതയും ആദ്ധ്യാത്മിക നവോത്ഥാനം പുണ്യശ്ലോകയുമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കാശി ഹിന്ദു സര്‍വകലാശാലയിലെ സ്വതന്ത്രഭവന്‍ ഓഡിറ്റോറിയത്തില്‍ ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതായിരുന്നു അഹല്യയുടെ ഭരണം. മാതൃത്വത്തിന്റെയും നേതൃപാടവത്തിന്റെയും കര്‍ത്തവ്യത്തിന്റെയും പാഠങ്ങളാണ് ആ ജിവിതം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടേയും ഘാട്ടുകളുടേയും പുനരുജ്ജീവനത്തിലൂടെ അഹല്യാബായി ഭാരതീയ സമൂഹത്തില്‍ ആത്മവിശ്വാസവും അഭിമാനവും വളര്‍ത്തി.
പടിഞ്ഞാറിനേക്കാള്‍ ഭാരതീയ സ്ത്രീകള്‍ക്ക് രാഷ്‌ട്രീയം, ഭരണം തുടങ്ങിയ മേഖലകളിലുണ്ടായിരുന്ന മുന്നേറ്റത്തിന്റെ തെളിവാണ് അഹല്യാബായി. രാജ്യത്തിന്റെ ജിഡിപിയില്‍ സ്ത്രീകള്‍ ഏറെ സംഭാവന ചെയ്യുന്നു. രാജ്യത്ത് ആര്‍എസ്എസ് നടപ്പാക്കുന്ന 1,30,000 ത്തിലധികം സേവനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളാണ് മുന്നില്‍ നില്‍ക്കുന്നത്. തീരുമാനമെടുക്കുന്നതിലും സംവേദനക്ഷമതയിലും ഏകാഗ്രതയിലും അമ്മമാരാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു.
അഹല്യബായ് ഹോള്‍ക്കറുടെ പിന്‍ഗാമി ഉദയ് സിങ് രാജെ ഹോള്‍ക്കര്‍, ലഫ്. ജനറല്‍ ഡോ. മാധുരി കനിത്കര്‍, ത്രിശതാബ്ദി ആഘോഷ സമിതിയുടെ ദേശീയ അധ്യക്ഷ പ്രൊഫ. ചന്ദ്രകലാ പാഡിയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക