ന്യൂദല്‍ഹി: ഭരണഘടനയെ ആക്രമിക്കുകയും അതിന്റെ ആത്മാവ് തകര്‍ക്കുകയും ചെയ്തത് കോണ്‍ഗ്രസാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ഭരണഘടനയുടെ ആമുഖം തന്നെ നിങ്ങള്‍ മാറ്റിമറിച്ചു. എന്നിട്ട് പിന്നെങ്ങനെയാണ് നിങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാനാവുക, ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് കിരണ്‍ റിജിജു കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്നാണ് നിങ്ങള്‍ പറയുന്നത്. അയല്‍രാജ്യങ്ങളിലെവിടെയും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ സുരക്ഷ തേടി അവര്‍ ഇവിടേക്കാണ് ഓടിയെത്തുന്നത്. തിബറ്റിലോ മ്യാന്‍മറിലോ ശ്രീലങ്കയിലോ ബംഗ്ലാദേശിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം. പീഡനമനുഭവിക്കുന്ന ഈ ന്യൂനപക്ഷങ്ങള്‍ക്കെല്ലാം സംരക്ഷണം നല്കുന്ന നാടാണ് ഭാരതം, കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി,
നിങ്ങളിപ്പോള്‍ ബാബാസാഹേബ് അംബേദ്കറിനെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നു. എന്നിട്ട് അദ്ദേഹത്തോട് നിങ്ങളെന്താണ് ചെയ്തത്. നിങ്ങള്‍ നെഹ്‌റുവിന് ഭാരത് രത്‌ന നല്കി. ഇന്ദിരയ്ക്ക് നല്കി. എന്നാല്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ അംബേദ്കറെ അവഗണിച്ചു. ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ വി.പി. സിങ് സര്‍ക്കാരാണ് അംബേദ്കറിനെ ആദരിച്ചതെന്ന് മറക്കരുത്.
നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും വലുതും ശ്രദ്ധേയവും മനോഹരവുമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. കാറുകള്‍ കാണുംമുമ്പ് ഞാന്‍ വിമാനങ്ങളാണ് കണ്ടത്. കാരണം ഞാന്‍ എംപിയായതിന് ശേഷമാണ് ആ നാട്ടില്‍ റോഡുകള്‍ വന്നത്. ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ നയിച്ച നിയമമന്ത്രിപദത്തില്‍ ഇരിക്കാന്‍ പ്രധാനമന്ത്രി മോദി എനിക്ക് അവസരം നല്കിയപ്പോള്‍ ഞാന്‍ ചെയ്തത് അദ്ദേഹത്തിന്റെ അഭിലാഷങ്ങളെന്തായിരുന്നു എന്ന് മനസിലാക്കാനാണ്. ബി.ആര്‍. അംബേദ്കര്‍ ഒരിക്കലും ഒരു മതത്തിനെതിരെയും ഒന്നും പറഞ്ഞില്ല. ഹിന്ദു സമൂഹത്തില്‍ തൊട്ടുകൂടായ്മ പോലുള്ള ചില ആചാരങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഈ ആചാരങ്ങള്‍ക്കെതിരെ പോരാടി.
ബുദ്ധമത ദീക്ഷ സ്വീകരിച്ചു, എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ആ ചിന്തകളും രചനകളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദുത്വത്തിനെതിരെ അദ്ദേഹം പോരാടിയെന്ന് പ്രചരിപ്പിച്ചു. ജാതിയുടെ ശ്രേണിയില്ലാത്ത ഒരു മതം തെരഞ്ഞെടുക്കുമെന്ന് ബാബാ സാഹബ് പറഞ്ഞു, പക്ഷേ അദ്ദേഹം ഒരിക്കലും ഹിന്ദുധര്‍മ്മത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല, കിരണ്‍ റിജിജു പറഞ്ഞു.
ഭരണഘടനയല്ല മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ പ്രസംഗിച്ചത്. വീരസാവര്‍ക്കറെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. സാവര്‍ക്കറിനെക്കുറിച്ച് രാഹുലിന്റെ അഭിപ്രായമല്ല അദ്ദേഹത്തിന്റെ മുത്തശ്ശിയായിരുന്ന ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നതെന്ന് ബിജെപി എംപിമാര്‍ തിരിച്ചടിച്ചു. ഭാരതത്തിന്റെ വീരപുത്രനെന്നാണ് ഇന്ദിര സാവര്‍ക്കറെ വിശേഷിപ്പിച്ചതെന്ന് പഴയ രേഖകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കിരണ്‍ റിജിജു രാഹുലിനെ ഓര്‍മ്മിപ്പിച്ചു.
പാര്‍ലമെന്റ് പാസാക്കിയ യുപിഎ സര്‍ക്കാരിന്റെ ബില്‍ പരസ്യമായി വലിച്ചുകീറി എറിഞ്ഞപ്പോള്‍ രാഹുല്‍ അപമാനിച്ചത് ഭരണഘടനയെ ആയിരുന്നെന്ന് ബിജെപി എംപി ജഗദംബികപാല്‍ പറഞ്ഞു. ഭരണഘടന കൈയിലേന്തി നടക്കുന്ന കോണ്‍ഗ്രസ് എംപിമാരോട് ഭരണഘടനയില്‍ എത്ര പേജുണ്ടെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ക്ക് പോലും ഉത്തരമറിയില്ലായിരുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക