Entertainment

ചായയ്‌ക്കൊപ്പം ചെസ് വിളമ്പി: മദ്യത്തില്‍ നിന്ന് മരോട്ടിച്ചാലിനെ രക്ഷിച്ച ചായക്കടക്കാരന്‍!

ഉണ്ണിമാമയുടെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക്

Published by

തൃശൂര്‍: ഒരു നാടിന്റെ തലവര മാറ്റാനുള്ള പവര്‍ ചെസ്സിനുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? തൃശൂരിലെ മരോട്ടിച്ചാല്‍ എന്ന ഗ്രാമം ഇതിന് ഉദാഹരണമാണ്. കള്ള് വാറ്റ് വ്യാപകമായതോടെ മദ്യപാനത്തിലേക്ക് അടിതെറ്റിയ തലമുറയെ ഒന്നാകെ കൈപിടിച്ച് കയറ്റിയത് ചെസ്സാണ്. അതിന് കാരണക്കാരനായതോ സി ഉണ്ണികൃഷ്ണന്‍ എന്ന ചായക്കടക്കാരനും.

 

നാല് പതിറ്റാണ്ട് മുന്‍പ് മദ്യം മരോട്ടിച്ചാലിന്റെ സിരകളിലൂടെ ഓടിത്തുടങ്ങിയ സമയത്താണ് ഉണ്ണികൃഷ്ണന്‍ ഒരു ചായക്കട തുടങ്ങുന്നത്. ചായയ്‌ക്കൊപ്പം തന്റെ പ്രിയപ്പെട്ട കളിയായ ചെസ്സും അദ്ദേഹം തന്റെ ചായക്കടയിലേക്ക് കൊണ്ടുപോന്നു. ഒരു ചായയും പറഞ്ഞ് ആര്‍ക്കു വേണമെങ്കിലും ചെസ് ബോര്‍ഡിന് മുന്നിലിരിക്കാം. അങ്ങനെ മരോട്ടിച്ചാലിന്റെ മനസില്‍ ചെസ് ഇടംപിടിച്ചു. അങ്ങനെ സി ഉണ്ണികൃഷ്ണന്‍ എന്ന ചായക്കടക്കാരന്‍ മരോട്ടിച്ചാലിന്റെ സ്വന്തം ഉണ്ണിമാമയായി. ഇന്ന് അവിടെ ചെന്നാല്‍ നിങ്ങള്‍ക്ക് കാണാനാവുക ചെസ് ബോര്‍ഡിന് മുന്നില്‍ തലപുകച്ചിരിക്കുന്ന നാട്ടുകാരെയാണ്.

 

ഇപ്പോള്‍ ഉണ്ണിമാമയുടെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. ദി പൗണ്‍ ഓഫ് മരോട്ടിച്ചാലി എന്ന ചിത്രം സംവിധാനം ചെയ്തത് കബീര്‍ ഖുറാനയാണ്. കഴിഞ്ഞ ആഴ്ച ഗ്രാമവാസികള്‍ക്കായി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മാഹിന്‍ മോഹ്യുദ്ദീന്‍ ആണ് ചിത്രത്തില്‍ ഉണ്ണിമാമയുടെ വേഷത്തിലെത്തിയത്. ഒരു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന ചിത്രം ഹിന്ദിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

ഗ്രാമത്തിന്റെ ചെസ് സ്‌നേഹത്തിന്റെ കഥ അറിഞ്ഞതോടെയാണ് സിനിമയാക്കാന്‍ തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്. നാടിന്റെ ചെസ് സ്‌നേഹത്തെ ആസ്പദമാക്കി ഒരു മുഴുനീള സിനിമ ചെയ്യാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മരോട്ടിച്ചാലിന്റെ മുക്കിലും മൂലയിലുമെല്ലാം ചെസ്സാണ്. ചായക്കടയിലും മരത്തിനടിയിലുമെല്ലാം ചതുരംഗ പലകയ്‌ക്ക് മുന്നില്‍ ഇരിക്കുന്നവരെ കാണാം. അവിടത്തെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വരെ ഒഴിവു സമയങ്ങള്‍ ചെലവഴിക്കുന്നത് ചെസ് കളിച്ചാണ്. നാട്ടിലെ 65 ശതമാനത്തോളം പേര്‍ ചെസ് സാക്ഷരതയുള്ളവരാണ് എന്നാണ് പ്രദേശത്തെ ചെസ് അസോസിയേഷന്റെ മാധാവിയായ ബേബി ജോണ്‍ പറയുന്നത്. മരോട്ടിച്ചാലിനെ കേരളത്തിലെ ആദ്യത്തെ ചെസ് സാക്ഷരത ഗ്രാമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകും എന്നാണ് ബേബി ജോണ്‍ പറയുന്നത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by