അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ് ഒന്‍പത് റണ്‍സിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രമാണ് എടുക്കാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഓപ്പണര്‍ രമ്യയുടെയും ക്യാപ്റ്റന്‍ വെല്ലൂര്‍ മഹേഷ് കാവ്യയുടെയും ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. രമ്യയും സന്ധ്യ ഗോറയും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റില്‍ 72 റണ്‍സ് പിറന്നു. അടുപ്പിച്ച് രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രമ്യയും വെല്ലൂര്‍ മഹേഷ് കാവ്യയും ചേര്‍ന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 78 റണ്‍സെടുത്ത രമ്യ പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റന്‍ വെല്ലൂര്‍ മഹേഷ് കാവ്യയാണ് ഹൈദരാബാദ് സ്കോര്‍ 231 വരെയെത്തിച്ചത്. വെല്ലൂര്‍ മഹേഷ് കാവ്യ 70 പന്തുകളില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു. പത്തോവറില്‍ 32 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ഷാനിയാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. കീര്‍ത്തിയും ദര്‍ശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സ് അവസാന ഓവറുകള്‍ വരെ പ്രതീക്ഷ നല്കി. എന്നാല്‍ ദൃശ്യയുടെ ഒറ്റയാള്‍ പോരാട്ടത്തിനപ്പുറം മറ്റ് ബാറ്റര്‍മാര്‍ക്ക് മികച്ച ഇന്നിങ്സുകള്‍ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിന്റെ മറുപടി 222 റണ്‍സില്‍ അവസാനിച്ചു. ദൃശ്യ 144 പന്തുകളില്‍ നിന്ന് 103 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: