ബ്രിസ്‌ബേന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ദിനം മഴ അപഹരിച്ചു. ടോസ് നിര്‍ണയിച്ച് മത്സരം തുടങ്ങി വെറും 13.2 ഓവര്‍ മാത്രമേ എറിയാന്‍ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 28 റണ്‍സെടുത്ത് നില്‍ക്കുന്നു. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും(19) നഥാന്‍ മക് സ്വീനിയും(നാല്) ആണ് ക്രീസില്‍.
ഭാരതത്തിനായി പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ആറ് ഓവര്‍ എറിഞ്ഞ ബുംറ മൂന്ന് മെയ്ഡന്‍ ഓവര്‍ എറിഞ്ഞു. വെറും എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്. നാല് ഓവര്‍ എറിഞ്ഞ സിറാജ് 13 റണ്‍സും 3.2 ഓവര്‍ എറിഞ്ഞ ആകാശ് ദീപ് രണ്ട് റണ്‍സും മാത്രമാണ് വിട്ടു നല്‍കിയിട്ടുള്ളത്.
അന്തിമ ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഭാരതം ഗബ്ബയില്‍ ടീമിനെ ഇറക്കിയത്. ഹര്‍ഷിത് റാണയെ ഒഴിവാക്കി മൂന്നാം പേസ് ബൗളറായാണ് ആകാശ് ദീപിനെ ഉള്‍പ്പെടുത്തിയത്. രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ടീമിലെടുത്തു.
ടോസ് ജയിച്ചത് ഭാരത നായകന്‍ രോഹിത് ശര്‍മ്മയാണ്. എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. രാവിലെ ഗബ്ബയ്‌ക്ക് മീതെ മങ്ങിയ ആകാശം കണ്ടാണ് രോഹിത് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. മത്സരം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ആകാശം കൂടുതല്‍ മേഘാവൃതമാകാന്‍ തുടങ്ങി. 13.2 ഓവറാകുമ്പോഴേക്കും മഴത്തുള്ളികള്‍ ഗബ്ബ മൈതാനം തൊടാന്‍ തുടങ്ങിയതോടെ താരങ്ങള്‍ വിശ്രമ കൂടാരത്തിലേക്ക് ഓടിപ്പാഞ്ഞു. ഉച്ചയ്‌ക്കത്തെ വിശ്രമവേള കഴിയുന്ന നേരത്തെങ്കിലും മത്സരം പുനരാരംഭിക്കാനാകുമെന്ന് കരുതി. പക്ഷെ സാധിച്ചില്ല. ഒടുവില്‍ പ്രാദേശിക സമയം വൈകീട്ട് 4.06 വരെ കാത്തശേഷം അംപയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും റിച്ചാര്‍ഡ് കെറ്റില്‍ ബറോവും മൈതാനം വിട്ടിറങ്ങി. 4.14 മണിയോടെ ആദ്യ ദിനം മത്സരം നിര്‍ത്തിവച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു. ഭാരത സമയം ഇന്ന് വെളുപ്പിന് 5.20ന് രണ്ടാം ദിവസത്തെ പോരാട്ടം ആരംഭിക്കും.
ഗബ്ബ സ്റ്റേഡിയം നിലനില്‍ക്കുന്ന ബ്രിസ്‌ബേന്‍ നഗരത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഈ മഴ ഭീഷണി വില്ലനാകുമോയെന്ന് ഇനി കണ്ടുതന്നെ അറിയണം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ച് സമനില പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക