Kerala

യൂണിവേഴ്‌സിറ്റി സാഹിത്യോത്സവത്തില്‍ രാജ്യ വിരുദ്ധത: വിസി അന്വേഷണത്തിന് ഉത്തരവിട്ടു

Published by

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സാഹിത്യോത്സവത്തില്‍ ആരോപണ വിധേയനായ പ്രബീര്‍ പുര്‍കായസ്തയെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി പങ്കെടുപ്പിച്ചതില്‍ അന്വേഷണം. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ.കെ. സജുവാണ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.

വൈസ് ചാന്‍സലര്‍ പങ്കെടുത്ത സെഷനില്‍ അവസാന നിമിഷം പുര്‍കായസ്തയെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ അദ്ദേഹം ഉദ്ഘാടനത്തില്‍ നിന്നു വിട്ടുനിന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലാണ് മൂന്നുദിവസത്തെ സാഹിത്യോത്സവം കാമ്പസില്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഇതില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള പുര്‍കായസ്തയെ പങ്കെടുപ്പിക്കുകയായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ ഉദ്ഘാടകനായി നിശ്ചയിച്ച പരിപാടിയില്‍ പ്രബീര്‍ പുര്‍കായസ്തയെ പങ്കെടുപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നില്ല.

ആരോപണവിധേയനായയാളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ യൂണിയനോട് വിസി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് അദ്ദേഹം തീരുമാനിച്ചത്.

ചൈനയില്‍ നിന്നു ലഭിച്ച പണമുപയോഗിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമെതിരേ പെയ്ഡ് വാര്‍ത്തകള്‍ സൃഷ്ടിച്ചു, ചൈനീസ് ടെലികോം കമ്പനികള്‍ക്കെതിരായ കേസുകളില്‍ നിയമ സഹായത്തിനു പ്രത്യേക സംഘം പ്രവര്‍ത്തിച്ചു, ഇവര്‍ക്കു ടെലികോം കമ്പനികളുടെ സഹായം ലഭിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ദല്‍ഹി പോലീസ് പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം നിലനില്‍ക്കേയാണ് മുന്‍കൂട്ടി നിശ്ചയിക്കാതെ ഇയാളെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക