ന്യൂദല്‍ഹി: 1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.
“ഭരണഘടന വിഘാതമായി വന്നാല്‍ അതില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായിരുന്ന നെഹ്രു 1951ല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്താണ് നിര്‍ണ്ണായകവഴിത്തിരിവായത്. ഇന്ത്യന്‍ ഭരണഘടന ഒരു തടസ്സാമായി വന്നാല്‍ എന്ത് വില കൊടുത്തും അതില്‍ മാറ്റം വരുത്തുമെന്നാണ് നെഹ്രുപറഞ്ഞത്. 1951ല്‍ നെഹ്രു ആ പാപം ചെയ്തു. പക്ഷെ അന്ന് രാജ്യം നിശ്ശബ്ദമായി ഇരുന്നില്ല. ഇത് തെറ്റാണെന്ന് അന്ന് രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് പറഞ്ഞു. “- മോദി അഭിപ്രായപ്പെട്ടു.
നെഹ്രുവിന്റെ ഈ നീക്കം തെറ്റാണെന്ന് പിന്നീട് സ്പീക്കറും പറഞ്ഞു. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ആചാര്യ കൃപലാനിയും ജയപ്രകാശ് നാരായണനും ഇത് തെറ്റാണെന്ന് പറയുകയുണ്ടായി. പക്ഷെ പണ്ഡിറ്റ് നെഹ്രുവിന് സ്വന്തം ഭരണഘടനയുണ്ടായിരുന്നു. അതുകൊണ്ടാണ് സീനിയര്‍ നേതാക്കളുടെ അഭിപ്രായം അദ്ദേഹം മാനിക്കാതിരുന്നത്. – മോദി പറഞ്ഞു.
“1947 മുതല്‍ 1952 വരെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. ഒരു താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1952ന് മുന്‍പ് രാജ്യസഭയും ഇല്ലായിരുന്നു. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും ഇല്ലായിരുന്നു. ജനങ്ങളുടെ വിധി എവിടെയും ഇല്ലായിരുന്നു. 1951ല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ലാതിരുന്ന കാലത്താണ് നെഹ്രു ഈ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടന തടസ്സമായി വന്നാല്‍ അത് മാറ്റുമെന്ന് ഈ ഭേദഗതി. ഇവിടെ ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യമാണ് ആക്രമിക്കപ്പെട്ടത്.” – മോദി ചൂണ്ടിക്കാട്ടി.
“ഒരു അവസരം കിട്ടിയപ്പോള്‍ നെഹ്രു അത് മുതലാക്കി. ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കനത്ത അടി കൊടുത്തു. ഇത് ഭരണഘടന സൃഷ്ടിച്ചവരെ അപമാനിക്കലായിരുന്നു. ഭരണഘടനാദത്തമായ അസംബ്ലിയെ പിന്‍വാതിലിലൂടെ നെഹ്രു അട്ടിമറിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ നശിപ്പിച്ചതുപോലെ മറ്റാരും ഭരണഘടനയെ നശിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ മൗലികാവകാശങ്ങളെയാണ് അവര്‍ തട്ടിപ്പറിച്ചത്.”- മോദി ആഞ്ഞടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: