India

സിനിമാതാരങ്ങൾ ശ്രമിക്കുന്നത് പണമുണ്ടാക്കാൻ; പാവങ്ങൾക്ക് അതുകൊണ്ട് എന്ത് നേട്ടം, അല്ലു അർജുനെതിരെ തെലങ്കാന മുഖ്യമന്ത്രി

ഒരു പാവം കുടുംബത്തിന് അവരുടെ ഒരംഗത്തെ നഷ്ടമായി. ആ അമ്മയുടെ മകൻ ഇപ്പോഴും ആശുപത്രിയിൽ കോമയിൽ കഴിയുകയാണ്. അവന് സ്വന്തം അമ്മയില്ലാതെവേണം ഇനി ജീവിക്കാൻ

Published by

ഹൈദരാബാദ്: പുഷ്പ-2 എന്ന ചിത്രത്തിന്റെ റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പണമുണ്ടാക്കാനാണ് സിനിമാതാരങ്ങൾ ശ്രമിക്കുന്നത്. പാവപ്പെട്ടവർക്ക് അതുകൊണ്ടൊന്നും ചെയ്യാനില്ലെന്നും ആജ് തക് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.

പോലീസ് അവരുടെ ചുമതലയാണ് ചെയ്തത്. അല്ലു അർജുൻ സിനിമയുടെ പ്രീമിയറിനായി വന്ന് പോകുകയല്ല ചെയ്തത്. തിയേറ്ററിലേക്കെത്തിയ അല്ലു കാറിന്റെ സൺ റൂഫ് തുറന്ന് സിനിമയുടെ റിലീസ് ആഘോഷമാക്കുകയായിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു. ഇതാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാക്കിയത് – രേവന്ത് റെഡ്ഡി പറഞ്ഞു.

അല്ലു അർജുന്റെ അറസ്റ്റിനെക്കുറിച്ച് പലവിധ ചർച്ചകൾ നടന്നുവെങ്കിലും മരിച്ചയാളേയും അവരുടെ കുടുംബത്തേക്കുറിച്ചും ആരും ഒന്നും പറഞ്ഞില്ലെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. ഒരു പാവം കുടുംബത്തിന് അവരുടെ ഒരംഗത്തെ നഷ്ടമായി. ആ അമ്മയുടെ മകൻ ഇപ്പോഴും ആശുപത്രിയിൽ കോമയിൽ കഴിയുകയാണ്. അവന് സ്വന്തം അമ്മയില്ലാതെവേണം ഇനി ജീവിക്കാനെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ഈ മാസം നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന പുഷ്പ 2-ന്റെ റിലീസിന് അല്ലു അർജുൻ എത്തിയിരുന്നു. ഇതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 39-കാരിയായ വീട്ടമ്മ മരിക്കുകയും അവരുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അല്ലു അർജുനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇടക്കാല ജാമ്യം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ രേവന്ത് റെഡ്ഡിയുടെ പ്രതികരണം വന്നിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by