Kollam

ആത്മവിശ്വാസം കൈമുതലാക്കിയാല്‍ വിജയം സുനിശ്ചിതം: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Published by

പത്തനാപുരം: ആത്മവിശ്വാസം കൈമുതലാക്കിയാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ പലതും സാധ്യമാകുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. പത്തനാപുരം ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന്റെ 21-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മം തന്ന മാതാപിതാക്കളെ ഗാന്ധിഭവന്‍ പോലുള്ള അഭയകേന്ദ്രങ്ങളില്‍ ഉപേക്ഷിക്കുന്ന മക്കള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്. അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു. മാതാവ് നല്‍കുന്ന സന്ദേശമാണ് ആ കുട്ടി ലോകത്തിന് പകരുന്നത്. മനുഷ്യജീവിതത്തില്‍ അമ്മ എന്ന ബന്ധത്തിന് മറ്റെന്തിനേക്കാളും വിലയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനെ ഗവര്‍ണര്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സാമൂഹ്യസേവന രംഗത്തെ സംഭാവനകള്‍ക്ക് എസ്‌ഐ പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ക്ക് ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ജെ. ജോര്‍ജ് കുളങ്ങരയ്‌ക്കും ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ 25000 രൂപയും ഫലകവും അടങ്ങുന്ന ദേശീയ അവാര്‍ഡും സമ്മാനിച്ചു.

പുനലൂര്‍ കെ. ധര്‍മ്മരാജന്‍ അധ്യക്ഷനായി. ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍, കേണല്‍ എസ്. ഡിന്നി, ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഷാഹിദാ കമാല്‍ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക