India

ആയുര്‍വേദത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് വിരല്‍ചൂണ്ടി വിദേശപ്രതിനിധികള്‍

Published by

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ആയുര്‍വേദത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് വിരല്‍ചൂണ്ടി വിദേശപ്രതിനിധികള്‍. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന അന്താരാഷ്‌ട്ര പ്രതിനിധി സമ്മേളനത്തിലാണ് വിദേശരാജ്യങ്ങളിലെ ആയുര്‍വേദത്തിന്റെ സാദ്ധ്യതകള്‍ ചര്‍ച്ചയായത്.

ആയുര്‍വേദത്തിനായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിദേശ പ്രതിനിധികള്‍ അഭിനന്ദിച്ചു. വിവിധ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരവും അംഗീകാരവും ലഭിക്കുന്നതിന് വേണ്ട നടപടികള്‍ പ്രതിനിധികള്‍ വിശദീകരിച്ചു. അവിടങ്ങളില്‍ ആയുര്‍വേദത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങളും ചര്‍ച്ചയായി. ആസ്ത്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, പോര്‍ച്ചുഗല്‍, പോളണ്ട്, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത ഉയര്‍ത്തിക്കാട്ടി.

ലോകത്ത് എവിടെ ആയാലും ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും തന്റെ മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആയുഷ് വകുപ്പ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച പറഞ്ഞു. 2022ല്‍ ഗുജറാത്തിലെ ജാംനഗറില്‍ ലോകാരോഗ്യ സംഘടന ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സെന്റര്‍ സ്ഥാപിച്ചത് ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിനായാണ്. 250 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് സെന്റര്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ജിടിഎംസിയുമായും ആയുഷ് മന്ത്രാലയവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകമെമ്പാടുമുള്ള ആയുര്‍വേദ പങ്കാളികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

19 മില്യണ്‍ ജനസംഖ്യയുള്ള ആസ്ത്രേലിയയില്‍ 6.2 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് ആയുര്‍വേദം പ്രതിനിധീകരിക്കുന്നതെന്ന് വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിയിലെ എന്‍ഐസിഎം ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ദിലീപ് ഘോഷ് പറഞ്ഞു. ആയുര്‍വേദ ബിരുദ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ആറ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഉണ്ടെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് ഡോ. എം.ജി. സജീവനി അഭിപ്രായപ്പെട്ടു.

നേപ്പാളിലെ പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനം നന്നായി വികസിപ്പിച്ചതും സമൂഹം വ്യാപകമായി അംഗീകരിച്ചതുമാണെന്ന് നേപ്പാളിലെ ആരോഗ്യ-ജനസംഖ്യാ മന്ത്രാലയത്തിലെ ആയുര്‍വേദ, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ മേധാവി ഡോ. പുഷ്പരാജ് പൗഡല്‍ പറഞ്ഞു. വിധു ശര്‍മ, ആന്‍വ്‌ലാസ് (ആസ്ത്രേലിയ), ഡോ. ശില്‍പ സ്വര്‍ (സിംഗപ്പൂര്‍), ഡോ. കിം സിയോക് ജിയോങ് (ദക്ഷിണ കൊറിയ), ഡോ. ശിവാനി സൂദ് (പോളണ്ട്), ഡോ. ഗബ്രിയേല പലേറ്റ (പോര്‍ച്ചുഗല്‍), ഡി. ജോര്‍ജ് ബെറ (അര്‍ജന്റീന) തുടങ്ങിയവരും ചര്‍ച്ചയില്‍ സംസാരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് നാളെ സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക