ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം പോരാട്ടത്തിന് ബ്രിസ്‌ബേനിലെ ഗബ്ബ സ്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കം. ഓസ്‌ട്രേലിയന്‍ ടീമിന്റെ ശക്തി കേന്ദ്രമാണ് ഗബ്ബയിലെ പിച്ച്. ഇവിടെ നടന്ന ടെസ്റ്റുകളില്‍ കംഗാരുപ്പട ഒരു ടീമിനോട് മാത്രമേ തോറ്റിട്ടുള്ളൂ 2021ല്‍ ഭാരതത്തിനോട്. 2020-21 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഭാരതം 2-1ന് പരമ്പര ഉറപ്പിച്ച വിജയമായിരുന്നു അത്. അജിങ്ക്യ രഹാനെ നയിച്ച ടീം ആണ് അന്ന് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചത്.
ഇത്തവണ വീണ്ടും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മത്സരത്തിനായി ഗബ്ബയിലിറങ്ങുമ്പോള്‍ ഭാരത സംഘത്തിന് അന്നത്തെ വിജയത്തിന്റെ ആത്മവിശ്വാസം മാത്രമാണ് കൈമതുലായുള്ളത്. രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഫുള്‍ ടീം ആയി ഇറങ്ങിയ ഭാരതം അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായി നടന്ന രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പരമ്പര 1-1 സമനിലയിലായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ഭാവി തുലാസിലുമായി. ഇതില്‍ നിന്നെല്ലാമുള്ള മുന്നേറ്റം കൂടിയായിരിക്കണം ഭാരതം ഇന്ന് തുടങ്ങുന്ന മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് മത്സര പരമ്പരയില്‍ അഡ്‌ലെയ്ഡിലേത് മാത്രമേ പിങ്ക് ടെസ്റ്റ് ആയി ഷെഡ്യൂള്‍ ചെയ്തിരുന്നുള്ളൂ. ബാക്കിയെല്ലാം പതിവ് റെഡ് ബോള്‍ മത്സരം തന്നെ.
ബാറ്റിങ്ങിലെ ഫോം കൈമോശം വന്നതാണ് ഇപ്പോഴത്തെ ഭാരതത്തെ അലട്ടുന്ന വലിയ തലവേദന. പ്രധാനമായും സീനയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയ്‌ക്കും വിരാട് കോഹ്‌ലിക്കും ഫോം നഷ്ടപ്പെട്ടിരിക്കുന്നത് ടീമിന്റെ ബാറ്റിങ് ലൈനപ്പിനെ ആകെ ബാധിച്ചിട്ടുണ്ട്. പരീക്ഷണാര്‍ത്ഥം രോഹിത് മിഡില്‍ ഓര്‍ഡറിലേക്ക് ഇറങ്ങി കളിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല. ബാറ്റിങ്ങിലെ പിഴവിനൊപ്പം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും വലിയ പോരായ്മകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഓപ്പണിങ് പൊസിഷനില്‍ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും വിജയമാകുന്നുണ്ടെങ്കിലും സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്തത് വലിയ പ്രശ്‌നമായി തീരുന്നുണ്ട്. നിലവില്‍ ഋഷഭ് പന്ത് മാത്രമാണ് വിശ്വസ്തത പുലര്‍ത്താനാവുന്ന ബാറ്റര്‍. ശുഭ്മാന്‍ ഗില്ലും നിരന്തരം ഫോമില്ലായ്മയിലേക്ക് പോകുന്ന കാഴ്‌ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ബൗളിങ് സെഷനിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിക്കേണ്ട ഗതികേടിലാണ് ഭാരതം. ബുംറയ്‌ക്ക് മികച്ച പിന്തുണ നല്‍കാന്‍ പറ്റിയ പേസര്‍മാരില്ലെന്നത് മറ്റൊരു വസ്തുത. ഈ സാഹചര്യത്തില്‍ ബുംറ വിക്കറ്റ് നേടാന്‍ സാധിക്കാതെ വന്നാല്‍ ടീം മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാകും. കഴിഞ്ഞ ടെസ്റ്റില്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയപ്പോള്‍ ഇത് വ്യക്തമായതാണ്. മുഹമ്മദ് സിറാജ് വിക്കറ്റ് നേടുന്നുണ്ടെങ്കിലും ഇകണോമി റേങ്ങ് വളരെ കൂടുതലാണ്. ഏറെ റണ്‍സ് വഴങ്ങുന്നുണ്ട്. രണ്ടാം ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ മാറ്റി പരിചയ സമ്പന്നനായ ആര്‍. അശ്വിനെ ടീമിലിറക്കി. പക്ഷെ ഒരു പ്രത്യാഘാതവും ഉണ്ടാക്കാനായില്ല. ഇന്ന് ഫൈനല്‍ ഇലവനില്‍ അശ്വിനെയും മാറ്റി കുറേക്കൂടി ബാറ്റിങ്ങില്‍ ശോഭിക്കാന്‍ കഴിയുന്ന രവീന്ദ്ര ജഡേജയെ ഇറക്കുമെന്ന സൂചനകളുണ്ട്.
മത്സരങ്ങള്‍ പുരോഗമിക്കുന്തോറം കരുത്ത് കൂട്ടാനുള്ള മികവാണ് ഓസ്‌ട്രേലിയയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. ഗബ്ബയില്‍ ഭാരതം നേരിടുന്ന വെല്ലുവിളികളെയും അവ അതിജീവിക്കുന്ന പരീക്ഷണങ്ങളും കാത്തിരുന്നു കാണുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: