Kerala

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തുടക്കം, മുഖ്യമന്ത്രിയെ കൂവിയ യുവാവിനെ കസ്റ്റഡിയിലെടുത്തു

ഹോങ്കോങ്ങില്‍ നിന്നുള്ള ചലച്ചിത്രകാരി ആന്‍ ഹുയിയ്ക്ക് അജീവനാന്ത നേട്ടത്തിനുളള പുരസ്‌കാരം സമ്മാനിച്ചു

Published by

തിരുവനന്തപുരം:ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.രാഷ്‌ട്രീയ ഉള്ളടക്കത്തിലും ഉള്‍കാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്നും, രാഷ്‌ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ അറിയപ്പെടുന്നത് അഭിമാനകരമായ കാര്യാമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഹോങ്കോങ്ങില്‍ നിന്നുള്ള ചലച്ചിത്രകാരി ആന്‍ ഹുയിയ്‌ക്ക് മുഖ്യമന്ത്രി അജീവനാന്ത നേട്ടത്തിനുളള പുരസ്‌കാരം സമ്മാനിച്ചു.ചലച്ചിത്ര മേഖലയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന അസ്മിയെ ചടങ്ങില്‍ ആദരിച്ചു.

ഉദ്ഘാടനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവല്‍ ഉണ്ടായി ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി വേദിയില്‍ എത്തിയപ്പോഴായിരുന്നു റോമിയോ എന്ന യുവാവ് കൂവിയത്.

യുവാവ് ഇപ്പോള്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലാണ്. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല ഈ യുവാവ്. കൈവശം ഉണ്ടായിരുന്നത് 2022ലെ പാസാണ്. തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ ആയിരുന്നു 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം. എന്തിനായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം യുവാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

നടി ശബാന ആസ്മിയാണ് ചടങ്ങിലെ മുഖ്യ അതിഥി. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക