തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം നൽകുന്ന പലിശ രഹിത വായ്പ വാങ്ങുന്നതിൽ കേരളത്തിൻ വലിയ വീഴ്ച. മറ്് സംസ്ഥാനങ്ങൾ കോടികളാണ് കേന്ദ്രത്തിൽനിന്ന് പലിശരഹിത വായ്പ വാങ്ങി അടിസ്ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുന്നത്. മൂലധന നിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പണം കണ്ടെത്താൻ വലയുന്ന കേരളത്തിന് പലിശ ഇല്ലാതെ കിട്ടുന്ന പണം വേണ്ട. കിഫ്ബി വഴിയെടുക്കുന്ന വായ്പകളുടെ പലിശ തിരിച്ചടവിന് കോടിക്കണക്കിനു രൂപ ചെലവിടുന്ന കേരളം , കേന്ദ്രസർക്കാർ 50 വർഷത്തേക്കു നൽകുന്ന പലിശരഹിത വായ്പ വഴി അഞ്ചു വർഷത്തിനുള്ളിൽ സ്വന്തമാക്കിയത് 3000 കോടി മാത്രം.
തമിഴ്നാട് നേടിയെടുത്തത് 12693.57 കോടി . കർണാടക 10438.91 കോടിയും തെലങ്കാന 5020 കോടിയും പലിശരഹിത വായ്പ നേടിയിട്ടുണ്ട്. ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ വായ്പ എടുത്തിരിക്കുന്നത് 36723.58 കോടി രൂപ. രാജസ്ഥാൻ 20903.50 കോടിയും മധ്യപ്രദേശ് 29016.30 കോടി രൂപയും അഞ്ചു വർഷത്തിനുള്ളിൽ വാങ്ങി.
നിബന്ധനകളോടെയാണ് വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, പാലം, ജലസേചനം, റെയിൽവേ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസർക്കാർ തുക അനുവദിക്കുന്നത്. കൃത്യമായ പദ്ധതി നൽകണം, ലഭിച്ച പണം ചെലവഴിച്ചതിന്റെ കണക്ക് സമയാസമയത്ത് നൽകണം എന്നതാണ് നിബന്ധന. കൃത്യമായ പദ്ധതി രൂപരേഖ സമർപ്പിക്കാത്തതാണ് കൂടുതൽ തുക നേടുന്നതിൽ കേരളത്തിനു തിരിച്ചടിയാകുന്നത്.
2020-21ൽ കേരളത്തിന് 163 കോടി മൂലധനനിക്ഷേപത്തിനുള്ള പ്രത്യേക വായ്പയായി അനുവദിച്ചെങ്കിലും വാങ്ങിയത് 81.50 കോടി മാത്രം. 2021-22ൽ 238.50 കോടി നൽകി. 2022-23ൽ 1902.74 കോടി രൂപയാണ് ലഭിച്ചത്. 2023-24ൽ 928.90 കോടി അനുവദിച്ചെങ്കിലും ഒരു പൈസ പോലും വാങ്ങിയില്ല. 2024-25ൽ നവംബർ 30 വരെ കേരളത്തിന് 790.11 കോടി രൂപയാണ് കേന്ദ്രം നൽകിയത്.
കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്നതു സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ പലിശരഹിത വായ്പ ഉപയോഗപ്പെടുത്താമെന്നിരിക്കെയാണിത്. കേരളം മൂലധനനിക്ഷേപത്തിനു നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം പാലിക്കുന്നില്ലെന്ന ആക്ഷേപമാണ് കേന്ദ്രം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: