ഹൈദരാബാദ്: ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര മുന്‍ സംഘചാലകും അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയുമായ ജസ്റ്റിസ് എസ്. പര്‍വതറാവു അന്തരിച്ചു. 90 വയസായിരുന്നു.
ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചാല്‍ മാത്രമേ ജഡ്ജിയാകാന്‍ അനുവദിക്കൂ എന്ന രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാട് പര്‍വത റാവു തള്ളിക്കളഞ്ഞത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്‍.ടി. രാമറാവുവിന്റെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പര്‍വത റാവുവിനെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ പേര് ജസ്റ്റിസായി ശിപാര്‍ശ ചെയ്‌തെങ്കിലും, ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കണമെന്ന് കാട്ടി കത്ത് നല്കണമെന്നായിരുന്നു അന്നത്തെ കേന്ദ്ര നിയമമന്ത്രി ശിവശങ്കറിന്റെ ശാഠ്യം. പിന്നീട് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം ജസ്റ്റിസായത്. 1990 മാര്‍ച്ചിലാണ് പര്‍വത റാവു ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1997ല്‍ വിരമിച്ചു.
വിരമിച്ച ശേഷം സംസ്ഥാന ഉപഭോക്തൃ ഫോറം ചെയര്‍മാനായി. തുടര്‍ന്ന് ഭാരതീയ അധിവക്താ പരിഷത്തിന്റെ അധ്യക്ഷനായി. പാരമ്പര്യമായി ലഭിച്ച 30 ഏക്കര്‍ ഭൂമി ഗൗതമി സേവാ സമിതി, ഗോ സേവാ സമിതി തുടങ്ങിയ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സ്വന്തം ഗ്രാമമായ ഉംഗുതുരുവിലുണ്ടായിരുന്ന ഭൂമി അദ്ദേഹം ഡോ. സുങ്കവല്ലി വിജ്ഞാന്‍ഭാരതി സ്‌കൂളിന് നല്കി.
1935ല്‍ ജനിച്ച പര്‍വത റാവു സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോള കോളജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി. 1954ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സ്, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. മദ്രാസില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹൈദരാബാദില്‍ ദുവ്വുരി നരസരാജുവിനൊപ്പമാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. നിയമത്തിനു പുറമേ മെഡിസിന്‍, എന്‍ജിനീയറിങ്, കോര്‍പറേറ്റ് നിയമം തുടങ്ങിയ വിഷയങ്ങളിലും പ്രാവീണ്യം നേടിയിരുന്നു. ലക്ഷ്മികാന്തയാണ് ഭാര്യ.
അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനായിരുന്നു പര്‍വതറാവു എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: