ചെങ്ങന്നൂര്‍: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആചാരലംഘനം പതിവാകുന്നു. ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തില്‍ ദേവിയുടെ തൃപ്പുത്താറാട്ട് ഘോഷയാത്ര നടന്നത് ആനയില്ലാതെ. ആചാരങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ആനപ്പുറത്ത് അല്ലാതെ ദേവനും ദേവിയും എഴുന്നള്ളിയത് ഭക്തരില്‍ കടുത്ത മനോവേദനക്കിടയാക്കി. ഇന്നലെ രാവിലെ ആറിനായിരുന്നു മിത്രപ്പുഴക്കടവിലെ ആറാട്ട്.
മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കോടതിയുടെ അനുമതി ലഭിച്ചില്ലെന്നും അതിനാല്‍ ആറാട്ടിന് ആനയെ എഴുന്നള്ളിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ നിലപാട്. തന്ത്രിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആനക്ക് പകരം ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ ഹംസ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. നൂറുകണക്കിന് ഭക്തര്‍ ആറാട്ടില്‍ പങ്കെടുത്തു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവസരത്തിന് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമായി. മഹാദേവ ക്ഷേത്രത്തിലെ തൃപ്പുത്താറാട്ടിനോടനുബന്ധിച്ച് നടക്കുന്ന എഴുന്നെള്ളത്തില്‍ ആനയെ ഒഴുവാക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ഹൈക്കോടതി വിധി പ്രകാരം നിയമങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ ആനയെ എഴുന്നെള്ളിക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കണമെന്നും ഭക്തജനങ്ങളുടെ കൂട്ടായ്മയായ ശബരീശ്വര സേവാ സമിതി ആവശ്യപ്പെട്ടു.
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തെ, ആന എഴുന്നെള്ളത്ത് സംബന്ധിച്ച ഹൈക്കോടതി വിധി സാരമായി ബാധിക്കും എന്നതിനാല്‍ നിയമ നടപടികളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ പ്രസിഡന്റ് ബിനുകുമാര്‍ ചെങ്ങന്നൂര്‍, ദിലീപ് പി.കെ, മനോജ് പിള്ള, വിവേക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: