ആന്ധ്രാ സ്വദേശിയാണെങ്കിലും ഗുകേഷ് വളര്‍ന്നതും പഠിച്ചതും ചെന്നൈയില്‍.
കോച്ചിങ് സെന്ററില്‍ ഗുകേഷിന്റെ മികവുകള്‍ക്ക് മുന്‍ മാതൃകകളില്ലായിരുന്നു. മറ്റ് കുട്ടികള്‍ പരിശീലനം തുടങ്ങുന്നതിന് മുന്‍പേ തന്നെ ഗുകേഷ് പരിശീലനം ആരംഭിക്കും. തുടക്കത്തില്‍ ദിവസം 70 ചെസ് പസിലുകള്‍ വീതമാണ് സോള്‍വ് ചെയ്യാനായി പരിശീലകര്‍ ഗുകേഷിന് നല്‍കിയിരുന്നത്. ഇത് ചതുരംഗക്കളത്തിന്റെ സാധ്യതകളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും പൊസിഷനുകളെ കുറിച്ചുമെല്ലാമുള്ള അറിവ് വളര്‍ത്താന്‍ അവനെ സഹായിച്ചു.
ഇ.എന്‍.ടി വിദഗ്ധനായ രജിനികാന്തിന്റേയും മൈക്രോബയോളജിസ്റ്റായ പത്മയുടേയും മകനായി 2006 മെയ് 29ന് ചെന്നൈയിലായിരുന്നു ഗുകേഷിന്റെ ജനനം.
ആന്ധ്രാ സ്വദേശികള്‍ ആണെങ്കിലും ഇവര്‍ ചെന്നൈയിലേക്ക് കൂടുമാറുകയായിരുന്നു. ചെറുപ്പം മുതല്‍ ഗുകേഷ് ചെസില്‍ താല്പര്യം കാണിച്ച് തുടങ്ങി. ഇത് മനസ്സിലാക്കി മാതാപിതാക്കള്‍ അവനെ ചെസ് പഠിപ്പിക്കാന്‍ തയാറായി.
ചെന്നൈയിലെ വേലമ്മാള്‍ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗുകേഷ് ചതുരംഗക്കളങ്ങളുടെ സാങ്കേതികത വശത്താക്കി. ഭാസ്കര്‍ ആയിരുന്നു ആദ്യ പരിശീലകന്.
ചെസ്സിലെ നിരവധി ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ വളര്‍ത്തിയെടുത്ത പാരമ്പര്യമുള്ള സ്കൂള്‍ എന്ന നിലയിലാണ് മാതാപിതാക്കള്‍ വേലമ്മാള്‍ വിദ്യാലയത്തെ ഗുകേഷിനായി തെരഞ്ഞെടുത്തത്. ഗ്രാന്‍ഡ് മാസ്റ്റര്‍ കാര്ത്തികേയന്, ഗ്രാന്‍ഡ്മാസ്റ്റര്‍ അരവിന്ദ് ചിദംബരം, ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ തുടങ്ങിയവരും ചെസിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ഇവിടുത്തെ പരിശീലന വഴി ഗുകേഷിനെ പുതിയ വാതായനങ്ങളിലെത്തിച്ചു.
രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിശീലനം രാത്രി ഏഴരവരെയോ ചിലപ്പോള്‍ അതിലുമേറെയൊ നീണ്ടുനീണ്ടുപോയി. അതൊന്നും ഗുകേഷിനെ തളര്‍ത്തിയില്ല. ചെസ് ബോര്‍ഡിലെ ഗുകേഷിന്റെ വഴക്കം അനിതരസാധാരണമായിരുന്നു. വെറും ആറ് മാസം കൊണ്ട് ഗുകേഷ് ലക്ഷണമൊത്ത കളിക്കാരനായി.
പിന്നീട് അവന് പഠനത്തിനൊപ്പം ചെസ്സും കൂടെക്കൂട്ടി. മികവിന്റെ കളങ്ങള്‍ ഓരോന്നും വെട്ടിപ്പിടിച്ച് ഗുകേഷ് മുന്നേറി.
2015ല്‍ ആദ്യ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചു. ഒമ്പതാം വയസ്സിലായിരുന്നു ഇത്. പിന്നീട് ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയ്ക്കൊപ്പമുള്ള പരിശീലനം ഗുകേഷിനെ കൂടുതല്‍ മികവിലേക്കെത്തിച്ചു. 2017ല്‍ ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍ പട്ടം നേടിയതോടെ ഗുകേഷ് രാജ്യത്തെ പ്രധാന ചെസ് താരമെന്ന നിലയിലേക്കുയര്‍ന്നു. 2018ല്‍ സ്പെയിനില്‍ നടന്ന വേള്‍ഡ് അണ്ടര്‍ 12 ചാമ്പ്യന്‍ഷിപ്പും നേടി.
2019ല്‍ കേവലം 12 വയസും ഏഴ് മാസവുമുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി.
2020ല്‍ തന്റെ ആരാധനാപാത്രമായ വിശ്വനാഥന് ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥന് ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമിയില്‍ ഗുകേഷ് പരിശീലനത്തിനെത്തി. ഇത് ഗുകേഷിന് സമ്മാനിച്ചത് ക്ലാസിക് ചെസ് താരമെന്ന പേരാണ്. 2022 ല്‍ ഡബ്ല്യൂ.ആര് മാസ്റ്റര്‍ ടൂര്‍ണമെന്റിന്റെ ഫസ്റ്റ് എഡിഷനില്‍ ഗുകേഷ് അവസാന റൗണ്ട് വരെ പോരാടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. അവസാനറൗണ്ടില്‍ അമേരിക്കയുടെ ലിവോണ്‍ അറോണിയനോട് പരാജയപ്പെടുകയായിരുന്നു. ചെസ് വേള്‍ഡ് കപ്പില്‍ മാഗ്നസ് കാള്‍സണുമായി ഏറ്റുമുട്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. മത്സരശേഷം ഗുകേഷിന്റെ ഫിഡെ റേറ്റിങ്ങ് 2750 ആയി ഉയര്‍ന്നു. മറികടന്നതാകട്ടെ സാക്ഷാല്‍ വിശ്വനാഥന് ആനന്ദിനെ.
പിന്നീട് ചതുരംഗക്കളങ്ങളില്‍ ഗുകേഷ് നീക്കിയ കരുക്കള്‍ക്ക് വിജയങ്ങളുടെ തിളക്കമായിരുന്നു കൂടുതല്‍.
അതിപ്പോള്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ നേട്ടവും പിന്നിട്ട് ലോക ജേതാവ് എന്ന തലത്തിലെത്തിയിരിക്കുന്നു. 64 കള വീരചരിതങ്ങളില്‍ പാണന്മാര്ക്ക് ഇനി ഒരിക്കലും ഗുകേഷിന്റെ വിജയ ഗീതങ്ങള്‍ മുഴക്കാതിരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: