തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ ഭൂമികളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിലുള്ള നിയമ തടസം നീങ്ങുന്നു. മരം നില്ക്കുന്ന വകുപ്പിന് അടിയന്തര സാഹചര്യങ്ങളില്‍ സ്വന്തം നിലയില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങും. നേരത്തെ ഇത്തരം മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പിന്റെ ട്രീ കമ്മറ്റിയുടെ അനുമതി ആവശ്യമായിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അനധികൃത മരം മുറി നിയന്ത്രിക്കാന്‍ 1986 ഇറങ്ങിയ ഉത്തരവ് ചില സാഹചര്യങ്ങൡ വലിയ പൊല്ലാപ്പുണ്ടാക്കിയിരുന്നു. ഉണങ്ങിയും മറ്റും അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെങ്കില്‍ വനംവകുപ്പിന്റെ ട്രീ കമ്മിറ്റി കണ്ട് വില നിശ്ചയിക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ ചട്ടമനുസരിച്ച് ഇവര്‍ ഇടുന്ന വിലയ്ക്ക് ലേലം കൊള്ളാന്‍ ആരും തയ്യാറാവുമായിരുന്നില്ല. ഇതുവഴി ഉണ്ടാകുന്ന കാലതാമസത്തിനിടെ മരം മറിഞ്ഞു വീഴുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. ഈ ദുരവസ്ഥയ്ക്കാണ് പുതിയ ഉത്തരവു വഴി മാറ്റം വരുന്നത്.
വനംവകുപ്പിന് വില നിര്‍ണയിക്കുന്നതില്‍ മാത്രമായിരുന്നു ഉത്തരവാദിത്വം. എങ്കിലും അപകടകരമായ മരം മുറിക്കാന്‍ തടസ്സം നിന്നു എന്ന പഴി കേള്‍ക്കേണ്ടി വന്നിരുന്നു. അതിനാലാണ് ഈ അധികാരം വനംവകുപ്പില്‍ നിന്ന് മാറ്റുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. അതേസമയം വൃക്ഷ സംരക്ഷണ നിയമം പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ ട്രീ കമ്മിറ്റിയുടെ അനുമതി തുടര്‍ന്നും ആവശ്യമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: