ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസതാരമായ രാജ് കപൂറിന്റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി മോദിയെ കാണാന്‍ ദല്‍ഹിയില്‍ എത്തി. 1988ല്‍ വിട പറഞ്ഞ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ് കുടുംബം. ഡിസംബര്‍ 14നാണ് ആഘോഷങ്ങളുടെ തുടക്കം.
മൂന്ന് ദിവസം നീളുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ക്ഷണിക്കാനാണ് കുടുംബാംഗങ്ങള്‍ ഒന്നടങ്കം മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ എത്തിയത്. മോദിയെ പരിപാടിക്ക് നേരിട്ട് ക്ഷണിക്കാന്‍ എത്തിയവരില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീനകപൂര്‍, സെയ്ഫ് അലിഖാന്‍, കരിഷ്മ കപൂര്‍, അന്തരിച്ച ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍, റിതിമ കപൂര്‍ സാഹ് നി, ഭരത് സാഹ്നി, റിമ ജെയിന്‍, മനോജ് ജെയിന്‍, ആദാര്‍ ജെയിന്‍, ആര്‍മാന്‍ ജെയിന്‍, അനിസ മല്‍ഹോത്ര എന്നിവര്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ മരുമകന്‍ നിഖില്‍ നന്ദയും സംഘത്തില്‍ ഉണ്ടായിരുന്നു. രാജ് കപൂറിന്റെ മകള്‍ റിതു നന്ദയുടെ മകനാണ് നിഖില്‍ നന്ദ.
പ്രധാനമന്ത്രി മോദിയൊടൊപ്പം ഇവര്‍ ഫോട്ടോയും എടുത്തിരുന്നു. ഈ ഫോട്ടോകള്‍ കപൂര്‍ കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബോളിവുഡിലെ ശക്തമായ ഒരു കുടുംബമാണ് കപൂര്‍ കുടുംബം. മോദിയ്‌ക്ക് ക്ഷണക്കത്ത് കുടുംബാംഗങ്ങള്‍ കൈമാറി. പിന്നീട് കപൂര്‍ കൂടുംബാംഗങ്ങളുമായി മോദി വിശേഷങ്ങള്‍ പങ്കുവെച്ചു. 100ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 13 മുതല്‍ 15വരെ ഇന്ത്യയിലെ 40 നഗരങ്ങളില്‍ 135 സ്ക്രീനുകളില്‍ രാജ് കപൂറിന്റെ 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക