കണ്ണൂര്‍: കേരളത്തില്‍ നിലനില്‍ക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദ്വമാണെന്ന് ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് പറഞ്ഞു.
ഇതിനെ അടിസ്ഥാനമാക്കിയാണ് കേരളീയ സമൂഹം മുന്നോട്ട് പോകുന്നത്. ജമാ അത്തെ ഇസ്ലാമി ബോധപൂര്‍വ്വം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണിത്. ഭൂരിപക്ഷം എല്ലാ തിന്മകളുടെയും ഭാഗമെന്നും ന്യൂനപക്ഷം എല്ലാ നന്മകളുടെയും ഭാഗമാണെന്നും ബോധപൂര്‍വ്വം വരുത്തിത്തീര്‍ത്തും ഇതിനായി പ്രമുഖരായ എഴുത്തുകാരെ ഇവര്‍ വിലയ്ക്കെടുത്തു. മാര്‍ക്സിസ്റ്റുകാര്‍ ഇതിനാവശ്യമായ ഒത്താശ ചെയ്തുകൊടുത്തു. ഇപ്പോള്‍ സ്ഥിതിഗതികള്‍ അവരുടെയും നിയന്ത്രണത്തിലല്ല. അതിന്റെ തിക്ത ഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. നമ്മുടെ പൊതുബോധത്തെ അത് പൂര്‍ണ്ണമായും സ്വാധീനിച്ചു. എഴുത്തുകാരും സാംസ്കാരിക നായകന്മാരുമെല്ലാം അതിന്റെ തടവറയിലാണ്. ഇതില്‍ നിന്ന് പുറത്ത് പോകാന്‍ അവര്‍ക്ക് സാധിക്കില്ല. കാരണം ഈ ദ്വന്ദ്വത്തില്‍നിന്ന് പുറത്തുപോയാല്‍ അവര്‍ക്ക് നിലനിക്കാന്‍ സാധിക്കില്ലെന്ന പൊതുബോധമുണ്ട്.
ന്യൂനപക്ഷത്തെക്കുറിച്ച് എന്തും പുകഴ്ത്തി എഴുതാം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഭാഗത്തേക്ക് പോകാന്‍ പോലും പാടില്ലെന്ന കാഴ്ചപ്പാടാണ് അവരെ നയിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം കാണാതെ വിശാലമായ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കരുത്. ഇത്തരത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ദ്വന്ദ്വത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കാശ്മീര്‍ ആവര്‍ത്തിക്കും. ഇത്തരം സാഹചര്യത്തെ നാം ഒളിച്ചുവെച്ചിട്ട് കാര്യമില്ല. ബംഗ്ലാദേശിനെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ സാഹചര്യത്തെ കുറിച്ച് കൂടി നാം വിലയിരുത്തണം. കുമാരനാശാന് ദുരവസ്ഥയെഴുതിയ കാലത്തെ സാമൂഹ്യ സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. ഇന്ന് ന്യൂനപക്ഷങ്ങളെകുറിച്ച് എന്തെങ്കിലുമെഴുതി അതിനെതിരെ വിമര്‍ശനമുണ്ടായാല്‍ താന്‍ ഒരു മതേതരവാദിയാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ സമര്‍ത്ഥിക്കേണ്ട സാഹചര്യം എഴുത്തുകാരനുണ്ട്. അതുകൊണ്ടാണ് ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ഇവിടെ പ്രതികരണമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്ന് കാട്ടിയ സെമിനാറില്‍ വിവിധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെട്ടു.
കണ്ണൂര്‍ ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന രക്ഷാധികാരി കേണല്‍ കെ. രാംദാസ് (റിട്ട) അധ്യക്ഷത വഹിച്ചു. ദല്‍ഹി സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ്, തലശ്ശേരി ഫിനിക്സ് കോളേജ് പ്രിന്‍സിപല്‍ ചൂര്യായി ചന്ദ്രന് മാസ്റ്റര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഭിഭാഷക പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം. കെ. രഞ്ജിത്ത് സ്വാഗതവും ഒ.എം. സജിത് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: