ഇക്കോ ടൂറിസം പദ്ധതിക്കായുള്ള പ്രവര്‍ത്തനം തുടങ്ങിയത് രണ്ടു പതിറ്റാണ്ട് മുന്‍പ്
അകംതുരുത്തി ദ്വീപില്‍ ഇക്കോ ടൂറിസം പദ്ധതിക്കുള്ള പ്രവര്‍ത്തനം രണ്ടു പതിറ്റാണ്ടു മുന്‍പേ തുടങ്ങിയെങ്കിലും ഒന്നും മുന്നോട്ട് പോയില്ല. പേരാവൂര്‍ മണ്ഡലത്തിന്റെ ആദ്യ
എംഎല്‍എ ആയിരുന്ന കെ.പി. നൂറുദ്ദീന്‍ വനം മന്ത്രിയായിരുന്നപ്പോള്‍ ഇവിടെ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിനായി സജീവമായി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ. ശൈലജ എം എല്‍ എ ആയപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇതൊന്നും മുന്നോട്ട് പോയില്ല. ദ്വീപിനെ ടൂറിസം ഭൂപടത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഹരിത കേരളമിഷനും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണുന്നില്ല. പ്രകൃതിയെ നശിപ്പിക്കാതെ പച്ചപ്പിനെ മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഇക്കോ ടൂറിസം പദ്ധതിയാവണം ഇവിടെ വിഭാവനം ചെയ്യരുത്. ഇതിനായി പെരുമ്പറമ്പിനേയും വള്ള്യാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തൂക്കു പാലമോ റോപ്പ് വേയോ വിഭാവനം ചെയ്യണം. എങ്കില്‍ കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന മനസിനെ കുളിരണിയിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ഒരു ടൂറിസം പദ്ധതിതന്നെ ഇവിടെ വിഭാവനം ചെയ്യാന്‍ കഴിയും.
ഇരിട്ടി: വേനല്‍ക്കാലങ്ങളില്‍ ജലസമൃദ്ധമായിക്കിടക്കുന്ന പഴശ്ശി ജലാശയം ഇരിട്ടിയുടെ അനുഗ്രഹമാണ്. വേനല്‍ കൊടുക്കുമ്പോള്‍ നാടെങ്ങും കരിഞ്ഞുണങ്ങുമ്പോള്‍ മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപുപോലെ പച്ചപ്പിന്റെ കുടചൂടിനില്‍ക്കുന്ന പഴശ്ശി പദ്ധതിയോരങ്ങള് ഏതു മനുഷ്യമനസ്സിലും കുളിരുപകരുന്നു. അതുകൊണ്ടുതന്നെ അനന്തമായ ടൂറിസം സാധ്യതകളും ഈ പ്രദേശങ്ങളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക മാക്കാമെന്നിരിക്കേ ഇത് പ്രയോജനപ്പെടുത്താന്‍ നമ്മുടെ അധികൃതര്ക്കവുന്നില്ല എന്നത് ഏറെ പരിതാപകരമാണ്. എന്നാല്‍ അടുത്ത കാലത്തായി ഇതിന് ചില മാറ്റങ്ങളും നടപടികളും കണ്ടുതുടങ്ങി എന്നത് ഏറെ ശുഭോതര്‍ക്കമാണ്.
ഒരു വര്‍ഷം മുന്‍പ് പെരുമ്പറമ്പില്‍ തുടങ്ങിയ ഇരിട്ടി ഇക്കോ പാര്‍ക്കും കഴിഞ്ഞദിവസം ഇരിട്ടി – എടക്കാനം റോഡില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത വള്ള്യാട് ഇരിട്ടി നഗരവനവും ഈ രീതിയില്‍ നോക്കുമ്പോള്‍ ഒരുനല്ല തുടക്കമാണെന്നു പറയാം. ഇരിട്ടി നഗരവനം ജില്ലയിലെ ആദ്യ നഗരവനമാണെന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ഇവയോടൊപ്പം കോര്‍ത്തിണക്കാന്‍ പറ്റിയ നിരവധി പ്രദേശങ്ങള്‍ പഴശ്ശി പദ്ധതിയുടെ ഓരങ്ങളിലുണ്ട്. അതിലൊന്നാണ് അകംതുരുത്തി ദ്വീപ്.
ഇരിട്ടിയെ ഇന്ത്യന്‍ ടൂറിസത്തിന്റെ ഭൂപടത്തിലെത്തിക്കാന്‍ കഴിയുന്ന ഒരു ബൃഹദ് പദ്ധതി തന്നെ ഇവിടെ വിഭാവനം ചെയ്യാന്‍ കഴിയും. ഇരിട്ടി – എടക്കാനം റോഡില്‍ വള്ള്യാടിനും, ഇരിട്ടി- തളിപ്പറമ്പ് റോഡില്‍ പെരുവംപറമ്പിനും ഇടയില്‍ നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് പഴശ്ശി ജലാശയത്തില്‍ ശയിക്കുന്ന ഒരു പച്ചത്തുരുത്താണ് അകംതുരുത്തി ദ്വീപ്. സസ്യ സമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷി വര്‍ഗ്ഗങ്ങളുടെയും ആയിരക്കണക്കിന് വാവലുകളുടെയും മറ്റും ആവാസ കേന്ദ്രം കൂടിയായ ഈ പച്ചത്തുരുത്തും വലിയ സാധ്യതകളാണ് സ്വപ്നം കാണുന്നത്. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ തുരുത്തിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്രവര്‍ത്തനങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ഈ ദ്വീപിന്റെ അനന്ത സാദ്ധ്യതകള്‍ പലരും കണ്ടെത്തുകയും അത് പ്രയോജനപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നുമുള്ള ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അധികൃതര്‍ക്ക് മുന്നില്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികളൊന്നും വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ മുടക്കുന്ന നമ്മുടെ നാട്ടില്‍ ഉണ്ടാകാതെ പോയത് നാടിന്റെ തീരാ നഷ്ടം തന്നെയെന്ന് പറയാം.
പഴശ്ശി ജലസേചനവകുപ്പിന് കീഴില്‍ പദ്ധതിക്കായി അക്വയര്‍ ചെയ്യപ്പെട്ട പതിനഞ്ച് ഏക്കറോളം വരുന്ന ഈ ഭൂമി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പായം പഞ്ചായത്തിലെ പെരുവംപറമ്പിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിന് തോപ്പായിരുന്നു. എന്നാല്‍ നിറയെ കരിങ്കല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശത്തു നിന്നും ബ്രിട്ടീഷുകാര്‍ ഇരിട്ടിപ്പാലത്തിന്റെ തൂണ് നിര്‍മ്മാണത്തിനായി ഇവിടെ നിന്നും കരിങ്കല്ലുകള്‍ പൊട്ടിക്കുകയും
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പുഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴ രണ്ടായിപ്പിരിഞ്ഞ് ഇതുവഴി ഒഴുകുകയും ചെയ്തു. അങ്ങനെയാണ് ഈപ്രദേശം പുഴക്കകത്തെ ഒരുദ്വീപായി മാറിയത് എന്നുമാണ് പഴമക്കാര്‍ പറയുന്നത്. പഴശ്ശി പദ്ധതിക്കായി സ്ഥലങ്ങള്‍ ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നതിനിടെ മതിയായ രേഖകള്‍ ഇതിന്റെ ഉടമക്ക് സമര്‍പ്പിക്കാന്‍ കഴിയാതായതോടെ പദ്ധതിയുടെ ഭാഗമാക്കി അധികൃതര്‍ ഈ ദ്വീപിനെ മാറ്റുകയായിരുന്നു. പഴശ്ശി പദ്ധതിയും പെരുമ്പറമ്പ് ഇക്കോ പാര്‍ക്കും പടിയൂര്‍ ഇക്കോ ടൂറിസം പദ്ധതിയും വള്ള്യാട്ടെ നഗരവനം പദ്ധതിയും യാഥാര്‍ത്ഥ്യമായതോടെ അകംതുരുത്ത് ദ്വീപിനും വലിയ സാധ്യതകളാണ് കൈവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: