കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൻ അറിയിച്ചു.
ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി ചെയര്‍പേഴ്‌സണ്‍ ആനിയസ് ഗൊദാര്‍ദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്‌ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. 1971ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്‌ട്രീയ പ്രവര്‍ത്തകനായ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകന്‍.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ 5.45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും.
മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്‌ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും. ചലച്ചിത്രകലയില്‍ ശതാബ്ദിയിലത്തെിയ അര്‍മീനിയയില്‍നിന്നുള്ള ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്‌സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കന്‍ സിനിമകളുടെയും പ്രത്യേക പാക്കേജുകള്‍, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, പി.ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്‌ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. മുതിര്‍ന്ന പൗരര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തും.
പുരസ്‌കാരങ്ങള്‍, ജൂറി
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്‌ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്‌ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്‌ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്‌ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
ഹോമേജ്
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പതിനാലിന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. ഈയിടെ അന്തരിച്ച കുമാര്‍ ഷഹാനി, മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍
29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കും. ‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ എന്ന എക്‌സിബിഷന്‍ സംവിധായകന്‍ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിംഗുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. ഡിസംബര്‍ 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശനം ആരംഭിക്കും.
അകിര കുറോസാവ, അലന്‍ റെനെ, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, തര്‍ക്കോവ്‌സ്‌കി, അടൂര്‍, അരവിന്ദന്‍, ആഗ്‌നസ് വാര്‍ദ, മാര്‍ത്ത മെസറോസ്, മീരാനായര്‍ തുടങ്ങി 50 ചലച്ചിത്രപ്രതിഭകള്‍ അണിനിരക്കുന്ന ഈ പ്രദര്‍ശനം ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും.
മറക്കില്ലൊരിക്കലും
മുതിര്‍ന്ന നടിമാര്‍ക്ക് ആദരം
മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കംവരെ തിരശ്ശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ സാംസ്‌കാരിക വകുപ്പു മന്ത്രി ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ എന്ന ചടങ്ങ് ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയില്‍ നടക്കും. കെ.ആര്‍. വിജയ, ടി.ആര്‍. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹന്‍, ശാന്തകുമാരി , മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെയാണ് ആദരിക്കുന്നത്. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വര്‍ഷത്തെ മേള നല്‍കുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടര്‍ന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും.
സ്മൃതിദീപ പ്രയാണം
മേളയുടെ ഭാഗമായി, അനശ്വര ചലച്ചിത്രപ്രതിഭകളായ ജെ.സി.ഡാനിയേല്‍, പി.കെ.റോസി, സത്യന്‍, പ്രേംനസീര്‍, നെയ്യാറ്റിന്‍കര കോമളം എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ അനശ്വരപ്രതിഭകളുടെ സ്മരണകളുറങ്ങുന്ന മെറിലാന്റ് സ്റ്റുഡിയോയിലും ആദരമര്‍പ്പിച്ച് ചലച്ചിത്രോത്സവ നഗരിയിലത്തെിച്ചേരുന്ന സ്മൃതിദീപപ്രയാണം ഡിസംബര്‍ 12ന് നടക്കും. രാവിലെ പത്തു മണിക്ക് നെയ്യാറ്റിന്‍കരയില്‍ നിന്ന് പ്രയാണം ആരംഭിക്കും. വൈകിട്ട് 6.30ന് മാനവീയം വീഥിയില്‍ പി.ഭാസ്‌കരന്‍ പ്രതിമയ്‌ക്കു മുന്നില്‍ അവസാനിക്കും.
അനുബന്ധ പരിപാടികള്‍
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും ഉണ്ടായിരിക്കും.
മാനവീയം വീഥിയില്‍ ഡിസംബര്‍ 14 മുതല്‍ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. അനിത ഷെയ്ഖ്, ദിവ്യ നായര്‍, പുഷ്പവതി, പ്രാര്‍ത്ഥന, ഫങ്കസ് ബാന്‍ഡ്, ഒ.എന്‍.വി ക്വയര്‍ എന്നിവരുടെ സംഗീതപരിപാടികളാണ് അരങ്ങേറുക. ഡിസംബര്‍ 20ന് നിശാഗന്ധിയില്‍ സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴൽ കച്ചേരി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: