തിരുവനന്തപുരം: മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് സിനിമ മേഖലയില്‍ നിന്നടക്കം ഉയര്‍ന്നത്. പ്രതിഫലം ചോദിച്ചതിന് നടിയെ അനുകൂലിച്ചും വിമര്‍ശിച്ചും കലാരംഗത്തെ പ്രമുഖരടക്കം രംഗത്തെത്തി.
പ്രതിഫലം ആവശ്യപ്പെട്ടത് വലിയ കുറ്റമല്ലെന്ന് നര്‍ത്തകി നീന പ്രസാദ് പറഞ്ഞു. ഒന്നും അറിഞ്ഞുകൂടാത്ത ഒരു കുട്ടിയെ ഒരു വ്യക്തിഗത ഐറ്റം പഠിപ്പിച്ച് നല്കാന് എടുക്കുന്ന അധ്വാനത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. കല എന്നുള്ളതല്ല, നമ്മുടെ വിലയേറിയ സമയം, അധ്വാനിക്കുന്ന സമയം ഇതിനെല്ലാം ഓരോരുത്തരും ഓരോ മൂല്യമാണ് സ്വയം നല്‍കുന്നത്. അവരുടെ കലയ്ക്കും, അവര്‍ കൊടുക്കാനുദ്ദേശിക്കുന്ന സമയത്തിനും അവര്‍ നല്കുന്ന മൂല്യമാണ് ആ നടി പറഞ്ഞത്.
പ്രൊഫഷണലായാണ് നടിയെ വിളിച്ചതെങ്കില്‍ അവര്‍ ആവശ്യപ്പെട്ട പണം നല്‍കേണ്ടതാണെന്ന് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി പ്രതികരിച്ചു. അവര്‍ക്ക് കഴിവുള്ളതുകൊണ്ടല്ലേ വിളിച്ചതെന്നും പറ്റില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണമെന്നുമാണ് ഈ വിഷയത്തില്‍ രചനയുടെ അഭിപ്രായം. അതേസമയം കേരളത്തില്‍ നര്‍ത്തകര്‍ക്ക് വേദി ലഭിക്കുന്നില്ലെന്ന സത്യാവസ്ഥയും രചന ചൂണ്ടിക്കാട്ടുന്നു. മറ്റ് കാര്യങ്ങളിലെല്ലാം വില വര്‍ധിക്കുമ്പോള്‍ എന്തുകൊണ്ടാണ് കലയ്ക്ക് വേണ്ടി പണം ചോദിക്കുമ്പോള്‍ മാത്രം, തിരിച്ച് ചോദ്യങ്ങള്‍ വരുന്നതിനെക്കുറിച്ച് മനസിലാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വേദികള്‍ കുറവാണെന്നും നിശാഗന്ധിയോ കേരള കലാമണ്ഡലത്തില്‍ നടക്കുന്ന നിള ഫെസ്റ്റിവല്‍ പോലുള്ള വേദികളോ ആണുള്ളതെന്നും രചന പറയുന്നുണ്ട്.
താന്‍ പ്രതിഫലം വാങ്ങാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്നും എന്നാല്‍ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു.
അതേസമയം 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതലാണെന്നായിരുന്നു നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണന്റെ അഭിപ്രായം. 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതല്‍ തന്നെയാണ്. ഞാന്‍ വളര്‍ന്നുവന്ന പശ്ചാത്തലം വെച്ച് നോക്കുമ്പോള്‍ ഈ തുക വളരെ കൂടുതലായിട്ടാണ് തോന്നുന്നത്. എന്ത് മാത്രം ചെലവ് വരുമെന്നോ, ആ നടിയോട് എന്ത് പറഞ്ഞുവെന്നോ എനിക്ക് അറിയില്ല. ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: