ന്യൂദല്‍ഹി: പാര്‍ലമെന്‍റില്‍ സോണിയാഗാന്ധി-ജോര്‍ജ്ജ് സോറോസ് ബന്ധം പുകഞ്ഞുകത്തിയ ദിവസമായിരുന്നു തിങ്കളാഴ്ച. സോണിയയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച ജെ.പി. നദ്ദയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ബഹളം കൂട്ടിയതോടെ പല തവണ സഭ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. വിദേശശക്തിയുടെ കയ്യിലെ ഉപകരണമായി മാറുകയാണ് കോണ്‍ഗ്രസെന്നും അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസും കോണ്‍ഗ്രസും കൈകോര്‍ത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ജെ.പി. നദ്ദ ആരോപിച്ചു.
എന്നാല്‍ നദ്ദയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഖാര്‍ഗെ രംഗത്തെത്തി. നദ്ദ പറയുന്നത് നുണയാണെന്നും കോണ്‍ഗ്രസ് ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിക്കാനാണ് പരിശ്രമിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ബിജെപി നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നുമായിരുന്നു ഖാര്‍ഗെയുടെ ന്യായവാദം. ഇതോടൊപ്പം പ്രതിപക്ഷ പാര്‍ട്ടി എംപിമാരും ഭരണപക്ഷ എംപിമാരും തമ്മില്‍ വക്കേറ്റം ഉണ്ടായി. ഇതോടെ സഭാനടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ രാജ്യസഭയും ലോകസഭയും മൂന്ന്മണിവരെ നിര്‍ത്തിവെച്ചു. രാജ്യസഭ മൂന്നുതവണയാണ് നിര്‍ത്തിവെച്ചത്.
രണ്ടുവട്ടം നിര്‍ത്തിവെച്ച് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ജെ.പി. നദ്ദ സോണിയാഗാന്ധിയും ജോര്‍ജ്ജ് സോറോസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിഷയം പുറത്തേക്കിട്ടു. ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് (എഫ് ഡിഎല്‍-എപി) എന്ന ജോര്‍ജ്ജ് സോറോസ് ധനസഹായം നല്‍കുന്ന സംഘടനയും .അതിന്റെ ഉപാധ്യക്ഷ പദവി വഹിക്കുന്ന സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് നദ്ദ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. കോണ്‍ഗ്രസ് രാജ്യത്തിന്റെ സുരക്ഷയെ വെച്ച് കളിക്കുകയാണെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും നദ്ദ അഭ്യര്‍ത്ഥിച്ചു. ഇതോടെ രാജസ്ഥാനില്‍ നിന്നുള്ള എംപിയായ സോണിയാഗാന്ധിയും ജോര്‍ജ്ജ് സോറോസിന്റെ സംഘടനയും തമ്മിലുള്ള ബന്ധം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു.
നദ്ദ ഉയര്‍ത്താന്‍ ശ്രമിക്കുന്ന പ്രശ്നം വ്യാജമാണെന്നും സഭയില്‍ ഇല്ലാത്ത അംഗത്തെക്കുറിച്ച് ഇതുപോലെ ഒരു ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ബിജെപി എംപിമാരെ സഭാധ്യക്ഷന്‍ നിയന്ത്രിക്കണമെന്നും വാദിച്ച് ഖാര്‍ഗെ എഴുന്നേറ്റു. ഇതിന് ജയറാം രമേശും പ്രമോദ് തിവാരിയും പിന്തുണ നല്‍കുകയും ചെയ്തു.
ഇതോടെ രാജ്യസഭാധ്യക്ഷനായ ജഗ്ധീപ് ധന്‍കര്‍ നദ്ദയെയും ഖാര്‍ഗെയെയും ചര്‍ച്ചയ്‌ക്കായി തന്റെ ചേംബറില്‍ വിളിപ്പിച്ചു. തങ്ങളുടെ പക്ഷത്ത് നിന്നുള്ള 11 എംപിമാര്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നല്‍കിയ നോട്ടീസ് നിരസിച്ച സഭാധ്യക്ഷന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ബിജെപി എംപിമാരെ ബഹളം വെയ്‌ക്കാന്‍ അനുവദിക്കുന്നതെന്ന് ഖാര്‍ഗെ സഭാധ്യക്ഷനോട് ചോദിച്ചു.
നേരത്തെ കിരണ്‍ റിജിജുവും സോണിയാഗാന്ധിയും ജോര്‍ജ്ജ് സോറോസ് ധനസഹായം ചെയ്യുന്ന സംഘടനയും തമ്മിലുള്ള ബന്ധം രാജ്യസുരക്ഷയ്‌ക്ക് എതിരാണെന്ന് വാദിച്ചിരുന്നു. കോണ്‍ഗ്രസും യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ പല സംഘടനകളുമായും ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയുമായി ഒസിസിആര്‍പി എന്ന ജോര്‍ജ്ജ് സോറോസിന്റെ സംഘടനയുമായി ബന്ധമുണ്ടെന്നും അതുവഴി രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിവിധ ബിജെപി എംപിമാര്‍ ആരോപിച്ചിരുന്നതിന്റെ തുടര്‍ച്ചയെന്നോണം ആയിരുന്നു കിരണ്‍ റിജിജുവിന്റെയും നദ്ദയുടെയും വാദം.
രാഹുല്‍ ഗാന്ധി വഞ്ചകനാണെന്നും രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസും അദ്ദേഹത്തിന്റെ സംഘടനകളും ചേര്‍ന്നുള്ള ത്രികോണം ബെര്‍മുഡ ത്രികോണം പോലെ രാജ്യത്തെ നശിപ്പിക്കുകയാണെന്നും കഴിഞ്ഞ ആഴ്ചയും ബിജെപി ആരോപിച്ചിരുന്നു. ഫ്രഞ്ച് മാധ്യമക്കമ്പനിയായ മീഡിയപാര്‍ട്ട് ജോര്‍ജ്ജ് സോറോസിന്റെ സംഘടനയായ ഒസിസിആര്‍പിയും യുഎസിലെ ജോര്‍ജ്ജ് ബൈഡന്‍ സര്‍ക്കാരുമായും ഉള്ള ബന്ധം തുറന്നുകാണിച്ചിരുന്ന റിപ്പോര്‍ട്ടും സഭയില്‍ ബിജെപി എംപിമാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.
ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒസിസിആര്‍പി ഇന്ത്യയ്‌ക്കെതിരെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കും, അത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെതിരെയും ഇന്ത്യയുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കെതിരെയും ബഹളം വെയ്‌ക്കും, ഇതാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ബിജെപി എംപിമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജേണലിസ്റ്റുകളുടെ പ്രൊഫഷണല്‍ വികാസത്തിനായുള്ള പദ്ധതികളില്‍ സ്വതന്ത്രസംഘടനകളുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് യുഎസ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. അതല്ലാതെ അഭിപ്രായങ്ങളെ സ്വാധീനിക്കുന്ന പരിപാടികള്‍ക്കൊന്നും യുഎസ് സര്‍ക്കാര്‍ ധനസഹായം നല്‍കാറില്ലെന്നും വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക