ആലുവ : മൊബൈൽ ഫോൺ മോഷ്ടാക്കളെ പിടികൂടി. നേപ്പാൾ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്പാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ട്രെയിനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ളാറ്റ്ഫോമിൽ നിൽക്കുന്നവരുടേയും മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവ്. ട്രെയിനിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ‘ഫോണുകൾ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങി സ്പീഡ് കൂടുന്ന സമയത്ത് പാളത്തിന് സമീപം ‘മറഞ്ഞു നിന്ന് തട്ടിപ്പറിക്കുകയും കൂടാതെ യാത്രക്കാരുടെ മൊബൈൽ തട്ടിപ്പറിച്ച് ട്രെയിനിൽ നിന്നും ഇറങ്ങി ഓടുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ 7 ന് പുലർച്ചെ ട്രെയിനിൽ സഞ്ചരിച്ചു വന്ന ആസാം സ്വദേശിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ കവർച്ച ചെയ്ത ഫോൺ കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്നും തിരുവനന്തപുരം സ്വദേശിയിൽ നിന്നും കവർച്ച ചെയ്തതുൾപ്പെടെ മറ്റ് മൊബൈലുകളും പിടികൂടി.
രഞ്ജിത്തിനും അഭിഷേകിനും റെയിൽവേ പോലീസ് സ്റ്റേഷനിലും മറ്റ് പോലീസ് സ്റ്റേഷനുകളിലും മോഷണത്തിനും കവർച്ചക്കും കേസുകളുണ്ട്. ഇരുവരും ജയിലിൽ വച്ച് പരിചയപ്പെട്ട് ഒന്നിച്ച് മോഷണം നടത്തുകയായിരുന്നു. ഇവരുടെ കൂടെയുള്ള റോഷൻ എന്ന നേപ്പാൾ സ്വദേശിയെ പറ്റി കൂടുതൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഇൻസ്പെക്ടർ എം. എം. മഞ്ജുദാസ്, എസ്ഐ അബ്ദുൾ ജലീൽ, എസ്. സിപിഒ എം. പി. സുധീർ, സിപിഒമാരായ വി. എ. അഫ്സൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബുബക്കർ, കെ. എം. മനോജ്, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കോടതയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: