തിരുവനന്തപുരം: കൈരളി ചെയർമാൻ മമ്മൂട്ടിക്ക് കിട്ടേണ്ട രാജ്യസഭാ സീറ്റ് കൈരളി എംഡി ജോൺ ബ്രിട്ടാസ് ചതിയിലൂടെ തട്ടിയെടുത്ത സംഭവം പുറത്തുവിട്ട് സംവിധായകൻ ആലപ്പി അഷറഫ്. പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ട്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയയ്‌ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനം ചിലരെ അലോസരപ്പെടുത്തിയെന്ന് ആലപ്പി അഷറഫ് പറയുന്നു.
മമ്മൂട്ടിയെക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നത് പോലും ഇഷ്ടമില്ലാത്തയാളാണ് മുഖ്യമന്ത്രി. എന്നാൽ മമ്മൂട്ടിയുടെ വിശ്വസ്തനായ ഒരു സ്നേഹിതൻ തന്നെ രാജ്യസഭാ സീറ്റിന് തുരങ്കം വയ്‌ക്കാൻ കൂട്ടുനിന്നുവെന്നും ആലപ്പി അഷറഫ് പറയുന്നു.
‘ഞാനിവിടെ വെളിപ്പെടുത്തുന്ന കാര്യം ചിലർക്ക് വിശ്വാസമാകുമെന്ന് തോന്നുന്നില്ല. എന്നാൽ സത്യത്തെ സ്വർണ പാത്രം ഉപയോഗിച്ച് മൂടിവച്ചാലും ഒരുനാൾ മറനീക്കി പുറത്തുവരുമെന്ന് തീർച്ചയാണ്. അതൊരു പ്രകൃതി നിയമമാണ്. മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടായിരുന്നു. ഈ ഓഫർ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല. മമ്മൂട്ടി കൂടുതൽ വിശ്വസിക്കുകയും സ്‌നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്‌നേഹിതന്മാർ പാർട്ടിക്കുള്ളിലുണ്ട്. ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്തനായ സ്‌നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിലിരിക്കുന്നു.
മുഖ്യമന്ത്രിക്ക് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാൻ മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. മമ്മൂട്ടി ആ വിഷയത്തിൽ ശരിക്ക് പ്രതികരിക്കുന്നു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ സ്‌നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിൽ ആക്കുന്നു. മമ്മൂട്ടി ഇതൊന്നുമറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. എന്താണ് അദ്ദേഹം കാണിക്കുന്നത്? ഇതൊന്നും അദ്ദേഹത്തിന് മനസിലാകുന്നില്ലേ? ഇതൊക്കെ ശരിയാണോ ? എന്നൊക്കെ മമ്മൂട്ടി ചോദിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് കേൾക്കുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടായി. സംഭവംകേട്ട മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനായി. മമ്മൂട്ടിയെക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നത് ഇഷ്ടമില്ലാത്തയാളാണ് മുഖ്യമന്ത്രി. ഒരിക്കൽ ദൽഹിയിൽ കൈരളി ചാനൽ മീറ്റിംഗിൽ വച്ച് മമ്മൂട്ടിയെക്കുറിച്ച് ആരോ സംസാരിച്ചപ്പോൾ പിണറായി ദേഷ്യത്തോടെ ഇരിയെടാ എന്നു പറഞ്ഞത് നമ്മൾ ചാനലിൽ കൂടി കണ്ടതല്ലേ.
മമ്മൂട്ടിയുടെ വിമർശനം കേട്ട പിണറായി പിന്നെ ഒരക്ഷരം മിണ്ടിയില്ല. ആ സ്‌നേഹിതൻ വന്ന കാര്യം ഭംഗിയായി നിർവഹിച്ച സന്തോഷത്തിൽ മടങ്ങിപ്പോയി. പിന്നീട് ഈ വിവരം മമ്മൂട്ടിക്ക് ആരോ ചോർത്തിക്കൊടുത്തു. താൻ വിശ്വസിച്ച സ്‌നേഹിതൻ തന്നെ ചതിച്ചുവെന്ന് മനസിലായി. ഒട്ടും താമസിയാതെ മമ്മൂട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താൻ അങ്ങനെ സംസാരിക്കാനുള്ള കാരണം വിശദീകരിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഞാൻ ഈ പറഞ്ഞ വിവരം പാർട്ടിയിലെ ഉന്നത നേതാക്കൾക്കിടയിൽ പരസ്യമായ രഹസ്യമാണ്.’- ആലപ്പി അഷ്റഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: