കൊച്ചി: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉപയോഗിക്കേണ്ട സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സര്‍ക്കാര്‍ വകമാറ്റിയെന്ന് സംശയമുയരുന്നു. പല സാമ്പത്തിക വിദഗ്ധരും ഇതേ സംശയം ഉയര്‍ത്തി. ഹൈക്കോടതിക്കും ഇത്തരമൊരു സംശയം ഉണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഉത്തരവില്‍ നിന്നു വ്യക്തം.
ദുരന്തമുണ്ടായതിനു പിന്നാലെയാണ് ഹൈക്കോടതി സ്വയമേവ കേസ് എടുത്തത്. ഈ കേസില്‍ പല തവണ വാദങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ദുരന്ത നിവാരണ ഫണ്ടിന്റെ കണക്ക് ഹാജരാക്കിയിട്ടില്ല. കേന്ദ്രത്തിനും നല്‍കിയില്ല. ഇതിനെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഫണ്ടില്‍ എത്ര പണം ഉണ്ടായിരുന്നു, എത്ര ചെലവിട്ടു, ഇനി എത്രയുണ്ട്, ഇതില്‍ എത്ര ചെലവിടാം തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരമുണ്ടായിരുന്നില്ല.
അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ അതെത്രയെന്നു പറയാനും കഴിഞ്ഞില്ല. 677 കോടി അക്കൗണ്ടില്‍ ഉണ്ടെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുവെങ്കിലും കോടതി വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നാണ് പറഞ്ഞത്. പാസ് ബുക്കില്‍ കാണും, അക്കൗണ്ടില്‍ കാണില്ലയെന്ന് പരിഹാസ രൂപേണേ പറഞ്ഞതാണെങ്കിലും അത്തരമൊരു സംശയം കോടതിക്കും ഉണ്ടായി എന്നാണ് ഇത് വ്യക്തമാക്കുന്നത്.
വയനാട്ടില്‍ പുനരവധിവസിപ്പിച്ചവര്ക്ക് ദിവസം 300 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത് കൃത്യമായി നല്‍കുന്നില്ല. വീട്ടു വാടക നല്‍കുമെന്ന് പറഞ്ഞിരുന്നു. അതും നല്‍കുന്നില്ല. അടിയന്തരമായി ലഭിക്കേണ്ട തുക പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. ഇതിനൊന്നും പണമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ദുരന്ത നിവാരണ ഫണ്ടില്‍ പണമില്ലേ എന്ന ചോദ്യമുയരുന്നത് സ്വാഭാവികം. സംസ്ഥാനത്തിന്റെ ഫണ്ടില്‍ പണമുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നു.
കേരളം ഫണ്ടുകള്‍ വകമാറ്റുന്നുണ്ടെന്ന് പല സിഎജി റിപ്പോര്‍ട്ടുകളിലും പ്രത്യേകം പറയുന്നുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പ്രതികരിച്ചു. പല വകുപ്പുകളിലും ഫണ്ട് വകമാറ്റുന്നുണ്ടെന്നും ഇത് കണ്ടെത്താന്‍ ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നുമാണ് സിഎജി റിപ്പോര്‍ട്ടിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.വക മാറ്റി ചെലവിടുന്നത് കണ്ടെത്താതിരിക്കാനാണിത്. വക മാറ്റിയിട്ടില്ലെങ്കില്‍ പിന്നെന്തുകൊണ്ട് ഫിനാന്‍സ് ഓഫീസര്‍ക്ക് അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് കോടതിയില്‍ പറയാന്‍ സാധിച്ചില്ല എന്നാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: