Kerala

ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം: കെജിബിഡബ്ല്യൂഒ

Published by

കോഴിക്കോട്: ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ഗ്രാമീണ്‍ ബാങ്കിലെ ബിഎംഎസ് സംഘടനകളായ കെജിബി വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ആറാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ എല്ലാ അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും സ്‌പോണ്‍സര്‍ ബാങ്കിന് തുല്യമാക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, ഫൈവ് ഡേ ബാങ്കിങ് നടപ്പാക്കുക, ഗ്രാമീണ്‍ ബാങ്കുകളില്‍ മതിയായ റിക്രൂട്ട്‌മെന്റും പ്രമോഷനും ഉറപ്പ് വരുത്തുക, കെജിബിയുടെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തുക, താത്ക്കാലിക ജീവനക്കാരുടെയും ജുവല്‍ അപ്രൈസര്‍ ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ബിഎംഎസ് ദേശീയ സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ഒബിഡബ്ല്യൂ ദേശീയ പ്രസിഡന്റ് കെ. വിനോദ് കുമാര്‍, എന്‍ഒബിഒ ദേശീയ ജനറല്‍ സെക്രട്ടറി കെ.എന്‍. ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് ദേശീയ സമിതി അംഗം കെ.കെ. വിജയകുമാര്‍ സമാപനപ്രഭാഷണം നടത്തി.

കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും നൂറു കണക്കിന് പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സംഘടന കേരള ഗ്രാമീണ്‍ ബാങ്കില്‍ കൈവരിച്ച വലിയ മുന്നേറ്റം തെളിയിക്കുന്നതായിരുന്നു. വര്‍ക്കേഴ്‌സ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ജി. ജനീഷ്, പ്രസിഡന്റായി പി. പ്രമീഷിനെയും ട്രഷററായി റിമല്‍ ദാസിനെയും തെരഞ്ഞെടുത്തു. ഓഫീസേഴ്‌സ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ഗോപീഷ് ഉണ്ണിയെയും പ്രസിഡന്റായി റാം ഗോപാലിനെയും ട്രഷററായി വി. അശ്വിനെയും രണ്ടു സംഘടനകളുടെയും കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായി സുജിത്ത് എസ്. നായരെയും തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by