തിരുവനന്തപുരം: മുനമ്പം വിഷയത്തിന്റെ ശാശ്വത പരിഹാരത്തിന് വഖഫ് നിയമം ഭേദഗതിയിലൂടെ മാത്രമേ കഴിയൂവെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍. മുനമ്പം സമരത്തിന്റെ 57ാം ദിവസത്തില്‍ മുനമ്പം സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം.
ഭരണഘടനയ്ക്ക് മുകളിലെ വഖഫിന്റെ അവകാശങ്ങള്‍ നിയമനിര്‍മാണത്തിലൂടെ പരിഹരിക്കും. പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവ്ദേക്കര്‍ വെളിപ്പെടുത്തി.
മുനമ്പം വിഷയം പ്രാദേശിക വിഷയമാക്കി ഒത്തുതീര്‍പ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. കമ്മീഷനെ നിയോഗിച്ചതിലൂടെ ഇതാണ് വ്യക്തമാകുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.
മുനമ്പത്തിലെ വിഷയങ്ങള്‍ കൃത്യമായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുമെന്ന് സമിതി അംഗവും ബി ജെ പി നേതാവുമായ അപരാജിത സാരംഗി ഉറപ്പു നല്കി. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോണ്‍ ജോര്‍ജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, നൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ് ഉള്‍പ്പടെ മറ്റ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: