അഡ് ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ആതിഥേയർ. മത്സരം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഓസീസിന്റെ ജയം. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാർ ലക്ഷ്യം പൂര്‍ത്തീകരിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കി. സ്‌കോര്‍: ഇന്ത്യ 180 & 175, ഓസ്‌ട്രേലിയ 337 & 19/0.
മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിനു ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് 47 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 28 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ഋഷഭ് പന്തിന് ഇന്ന് റണ്‍സൊന്നും നേടാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മുന്നില്‍ പന്തിന് അടിതെറ്റി. പിന്നാലെ ആര്‍. അശ്വിനും (7) ഹര്‍ഷിത് റാണയും (0) പവലിയന്‍ കയറി. നിതീഷ് റാണയ്‌ക്കു മാത്രമാണ് ഇന്ന് അല്‍പമെങ്കിലും ഓസീസിനു മുന്നില്‍ പ്രതിരോധം തീര്‍ക്കാനയത്.
47 പന്തില്‍ 42 റണ്‍സെടുത്ത നിതീഷിനെ കമ്മിന്‍സ് വീഴ്‌ത്തിയതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു. ബുംറ പുറത്താകാതെ രണ്ടും സിറാജ് ഏഴും റണ്‍സ് നേടി. ഓസീസിനായി നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ബോലന്‍ഡ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്‌ത്തി. 19 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 3.2 ഓവറില്‍ ലക്ഷ്യം കണ്ടു. നഥാന്‍ മക്‌സ്വീനി 10 റണ്‍സും ഉസ്മാന്‍ ഖവാജ ഒന്‍പത് റണ്‍സും നേടി. ജയത്തോടെ ഓസീസ് അഞ്ച് മത്സരങ്ങളുടെ പരന്പര 1-1ന് സമനിലയിലെത്തി.
പേസർമാർ അരങ്ങുവാണ പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരന്നു ഇന്ത്യയുടെ ജയം. രണ്ടാംടെസ്റ്റിൽ ആദ്യ ഇന്നിങ്സിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും പതറിയ ഇന്ത്യ 175ന് ഓള്‍ഔട്ടായിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്സില്‍ 337 റണ്‍സാണ് പടുത്തുയര്‍ത്തിയിരുന്നത്. ആദ്യ ഇന്നിങ്സില്‍ 180ന് പുറത്തായിരുന്നു ഇന്ത്യ. ഡിസംബർ പതിനാല് മുതൽ മെൽബണിലാണ് മൂന്നാം ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: