കൃഷ്ണന്‍ പി. കൊന്നഞ്ചേരി
പ്രത്യാശയിലാണ് ജീവിതം എപ്പോഴും മുന്നോട്ട് നയിക്കപ്പെടുന്നത്. അതൊരു ആശ്വാസദായിനിയായി മനസിലും മസ്തിഷ്‌കത്തിലും രൂപപ്പെടുന്നു. രോഗികളില്‍ ജീവിതകാമനകള്‍ക്ക് ഊര്‍ജ്ജദായിനിയായി വര്‍ത്തിക്കുന്നു എന്നനുമാനിക്കുന്നതിലും തെറ്റില്ല. ഇനിയും ജീവിക്കാനാകുമെന്ന പ്രതീക്ഷയുടെ വെളിച്ചം രോഗികളിലേക്കെത്തിക്കുന്ന സാഹിത്യരൂപങ്ങളും മ്യൂസിക് തെറാപ്പി പോലെ ഒരു രോഗശമനിയാണ്. കഥ, കവിത, നോവല്‍, നാടകം, ലേഖനം എന്നീ നിത്യവ്യവഹാരസാഹിത്യ ശാഖകളില്‍പ്പെടാത്ത ഓട്ടോപാത്തോഗ്രഫി എന്ന് വര്‍ഗീകരിക്കപ്പെട്ട ഇത്തരം രചനകളുടെ വായന, അസുഖാവസ്ഥകളില്‍ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷയുടെ ഔഷമാണ്.
എലിസ സെഗ്രവ് രചിച്ച The Dairy of a Breast, ജോണ്‍ ഡയമണ്ട് എഴുതിയ Because Cowards get Cancer too എന്നിവ ലോക സാഹിത്യത്തില്‍ ഈ വിഭാഗത്തിലെ എണ്ണപ്പെട്ട കൃതികളായി പരിഗണിക്കപ്പെടുന്നു. നടന്‍ ഇന്നസെന്റ് രചിച്ച ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇതോടു ചേര്‍ത്തുവയ്‌ക്കാവുന്നതാണ്. അത്തരത്തില്‍ ഒരു രോഗാത്മകഥ പറയുന്നതാണ് പി.എ. ഉണ്ണികൃഷ്ണന്റെ ‘ഇടം കൈ വലം കൈയ്യോട് പറഞ്ഞത്’ എന്ന കൃതി. ആകസ്മികമായും അവിചാരിതമായും തനിക്ക് സംഭവിച്ച വലിയൊരപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്ന അവസ്ഥയില്‍നിന്ന് നിഷ്ഠ തെറ്റാതെയുള്ള അതികഠിനമായ ചികിത്സകളുടേയും പ്രതീക്ഷയുടേയും അന്ത്യത്തില്‍ രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ വസ്തുനിഷ്ഠമായ കഥനമാണ് ഈ പുസ്തകം.
ഒരു എറണാകുളം യാത്രയില്‍ സംഭവിച്ച തന്റെ അപകടം ഗ്രന്ഥകര്‍ത്താവ് വിവരിക്കുകയാണ്. ‘ബസില്‍ വലിയ തിരക്കില്ലായിരുന്നെങ്കിലും സീറ്റുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. സാധനങ്ങള്‍ നിറച്ച സഞ്ചി ഇടതു കൈയ്യില്‍ തൂക്കിപ്പിടിച്ചിരുന്നതിനാല്‍ വലതുകൈ കൊണ്ട് മുകളിലെ കമ്പിയില്‍ പിടിച്ചുനിന്നു. അമിതവേഗത്തിലോടുന്ന ബസിന്റെ മുന്നിലേക്ക് ഒരു ബുള്ളറ്റ് ബൈക്കുകാരന്‍ കുറുകെ ചാടി. ബൈക്കുകാരനെ രക്ഷപ്പെടുത്താന്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ ബസിനുള്ളിലുണ്ടായ തള്ളിച്ചയില്‍ ആരോ ബലമായി പിടിച്ചുന്തിയപോലെ മുന്നിലേക്ക് അതിവേഗത്തില്‍ തെറിച്ചു വീണു. ശക്തമായ വീഴ്ചയില്‍ കമ്പിയില്‍ പിടിച്ചിരുന്ന വലംകൈ ചുമലില്‍ നിന്നുള്ള പിടുത്തം വിട്ട് തൂങ്ങി കിടക്കുകയാണെന്ന സത്യം വീണിടത്തു നിന്നെഴുന്നേല്‍ക്കാന്‍ പറ്റാത്ത കഠിന വേദനയില്‍ മനസ്സിലായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.
പിന്നെ ആശുപത്രി, സര്‍ജ്ജറി, ചികിത്സ, പരിചരണം. അലോപ്പതിയും ആയുര്‍വേദത്തിലെ മര്‍മ്മാണിയും അതില്‍ തന്നെ അഗ്‌നികര്‍മ്മവും (തീ പൊള്ളിക്കല്‍) എല്ലാം വിവിധഘട്ടങ്ങളില്‍ അവശ്യാവശ്യ ചികിത്സാരീതികളായി.
എറണാകുളത്തും കാസര്‍കോഡ് നീലേശ്വരത്തുമായി വര്‍ഷങ്ങള്‍ നീണ്ട അതിതീവ്ര ചികിത്സകളിലൂടെ, BRACHIALPLEXUX INJURY എന്ന അലോപ്പതിനാമത്തില്‍ അറിയപ്പെടുന്ന ഹസ്തനാശം എന്ന അപകട മാരണത്തെ ഒരു വിധം മാറ്റിയെടുക്കുകയായിരുന്നു. തീര്‍ത്തും നഷ്ടപ്പെട്ടുപോകുമായിരുന്ന, ചേതനയറ്റ് നിശ്ചലാവസ്ഥയിലായ വലംകൈ വൈദ്യശാസ്ത്രത്തിന്റേയും വിശ്വാസത്തിന്റേയും, നിശ്ചയദാര്‍ഢ്യത്തിന്റേയും സാന്ത്വനപരിചരണത്തിന്റേയും ഒക്കെ ഫലമായി വളരെ പ്രയാസപ്പെട്ടാണെങ്കിലും സാവകാശം സാധാരണ ജീവിതവ്യാപാരങ്ങളിലേക്ക് തിരിച്ചെത്തിയ കഥയാണ് ഒരതിജീവനത്തിന്റെ ഇതിഹാസം എന്ന് സംശയരഹിതമായി വിശേഷിപ്പിക്കാവുന്ന ഈ രചന. ശരീരത്തിന്റെ ഒരു ഭാഗത്തിനെന്തെങ്കിലും ചേതം സംഭവിക്കുമ്പോള്‍ മറ്റവയവങ്ങള്‍ സ്വാഭാവികമായും ആ കുറവ് ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ ശ്രമിക്കുമെന്നത് ഗാത്രഘടനയുടെ നിയതമായ സവിശേഷതയാണ്. അപകടത്തില്‍ ചേതനയറ്റുപോയ വലംകൈയ്യുടെ ഒട്ടുമിക്ക കര്‍മങ്ങളും ഏറ്റെടുത്തു ഇടംകൈ. എഴുതാനും പരിശീലിപ്പിച്ചെടുത്ത ഇടംകൈ കൊണ്ടാണ് ഈ പുസ്തകത്തിന്റെ പകുതിയിലേറെയും എഴുതിയതെന്ന ഗ്രന്ഥകര്‍ത്താവിന്റെ സാക്ഷ്യം ഈ അക്ഷര തീര്‍ത്ഥയാത്രയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വലതുകരത്തിന്റെ സാവകാശമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉദ്വേഗത്തോടെ വീക്ഷിക്കുകയും ആ പുനരുജ്ജീവനത്തില്‍ അഭിമാനിക്കയും ചെയ്യുന്നു ഇടം കൈ ഒരു സജീവ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന രൂപത്തിലാണ് കൃതിയുടെ രചനാശൈലി.
ഇടം കൈയ്യുടെ സാന്ത്വനം ശ്രദ്ധിക്കുക; ”കഠിനമായ നിരവധി ചികിത്സകള്‍ക്കൊടുവില്‍ മെല്ലെ മെല്ലെ നിന്റെ പഴയ സ്ഥിതിയിലേക്കുള്ള മടക്കയാത്ര ഞാന്‍ മനസ്സിലാക്കി. …..നീ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് ഞാനറിഞ്ഞു. ഷോപ്പിങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ കനമുള്ള ബാഗിനായി നീ സ്വയം നീണ്ടു വന്നു. എനിക്കപ്പോള്‍ വലിയ സന്തോഷവും ഏറെ അഭിമാനവും തോന്നി.”
തീവ്രവും കഠിനവുമായ ചികിത്സാവേളകളില്‍ ശരീരത്തിനും മനസ്സിനും വന്നുചേരുന്ന അവസ്ഥാന്തരങ്ങള്‍ എഴുതിഫലിപ്പിക്കുക എന്നത് ലാഘവത്തോടെ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല, പ്രത്യേകിച്ചും അപകടത്തിന്റേയും ചികിത്സയുടേയും വിശദാംശങ്ങള്‍ വ്യക്തമായി ഓര്‍മ്മകളില്‍ നില്‍ക്കാറില്ലാത്ത അവസ്ഥകളിലൂടെ കടന്നുപോയ ഒരു കാലഘട്ടത്തിനു ശേഷം. അത്തരം തീവ്രാനുഭവങ്ങളുടെ ക്ലേശകരമായ വീണ്ടെടുപ്പ് നടത്തി മികച്ചൊരു വായനാവിഭവമാക്കിയതാണ് ഈ കൃതിയുടെ സവിശേഷത. അലങ്കാര ഭാഷയുടെ നിറപ്പകിട്ടില്ലാതെ ഘട്ടങ്ങളായുള്ള ഈ വിവരണങ്ങള്‍ ഒരു ദൃശ്യാനുഭവത്തിന്റെ ആസ്വാദ്യത വായനയില്‍ ലഭ്യമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്റെ കന്നികൃതിയാണിതെങ്കിലും കൈത്തഴക്കം വന്ന ഒരെഴുത്തുകാരന്റെ ദീപ്തവും ഹൃദ്യവുമായ രചനാശൈലിയുടെ ചാരുതകൂടി അമിതസാഹിത്യത്തിന്റെ അതിപ്രസരമില്ലാത്ത ഈ എഴുത്തിനുണ്ട്.
Autopathography എന്ന രോഗാത്മകഥകള്‍ മുഖ്യധാരാ സാഹിത്യശ്രേണിയിലേക്ക് ഇപ്പോള്‍ പ്രായേണ കടന്നുവരുന്നുണ്ട് എന്നത് ആശ്വാസപ്രദമാണ്. ഇത്തരം അനുഭവസാക്ഷ്യങ്ങള്‍ ഭിഷഗ്വരന്മാര്‍ക്ക് പലവിധത്തില്‍ ചികിത്സകളില്‍ സഹായകരമാവുന്നതോടൊപ്പം രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുടെ പൊന്‍വെട്ടമായും വര്‍ത്തിക്കുന്നതാണെന്ന് ഇതിനോടനുബന്ധിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം പഠനവിഷയത്തിലേക്ക് ചെറിയ രൂപത്തിലെങ്കിലും ഈ കൃതി ഉപയോഗപ്പെടും എന്ന് തീര്‍ച്ച.
ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച എണ്‍പത്തിയെട്ട് പേജുള്ള 129 രൂപ വില മതിക്കുന്ന ഇടംകൈ വലം കൈയ്യോട് പറഞ്ഞത് വ്യത്യസ്തമായൊരു വായനാനുഭവമാണ് നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: