ആലപ്പുഴ: സിപിഎമ്മില്‍ അവഗണന നേരിടുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന് സന്ദര്‍ശിച്ചത് ചര്‍ച്ചയാകുന്നു. സ്വന്തം വീടിന് വളരെ അടുത്ത് നടന്ന ഏരിയ സമ്മേളനത്തില്‍ നിന്ന് വരെ സുധകരനെ ഒഴിവാക്കിയത് വിവാദമായ സാഹചര്യത്തിലാണ് ജയരാജന്റെ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്. സിപിഎമ്മിലെ പുതിയ സമവാക്യങ്ങളില്‍ ജയരാജന്റെ സന്ദര്‍ശനം പാര്‍ട്ടിയിലും ചര്‍ച്ചയായി. പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് ജയരാജന് കൂടിക്കാഴ്ച നടത്തിയത്.
ജി. സുധാകരന്റെ സഹോദരന് ജി. ഭുവനേശ്വരന്‍ രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണ പരിപാടി ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് പി. ജയരാജന്. താന്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുതല്‍ ജി. സുധാകരന് നേതാവാണ്. അന്ന് മുതല്‍ തികഞ്ഞ ആദരവാണ് അദ്ദേഹത്തോടുള്ളതെന്നും, വളരെ സന്തോഷകരമായ നിമിഷമാണെന്നും ജയരാജന് പ്രതികരിച്ചു. അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ നിന്ന് സുധാകരനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച ജില്ലാ സെക്രട്ടറി ആര്. നാസര്‍ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയതും ശ്രദ്ധേയമായി.
സുധാകരന് മഹാനായ നേതാവാണെന്നും, അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പുതിയ നിലപാട്. സിപിഎമ്മിന്റെ ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ വിഭാഗീയത മറനീക്കുകയും, ബിപിന്‍ സി. ബാബുവിനെ പോലുള്ളവര്‍ പാര്‍ട്ടി വിടുകയും ചെയ്ത സാഹചര്യത്തില്‍ ജി. സുധാകരന് ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. മതഭീകരവാദ സംഘടനകളില്‍പ്പെട്ടവരും, അവരെ പിന്തുണയ്ക്കുന്നവരും സിപിഎമ്മില്‍ ആധിപത്യം നേടുന്നത് സജീവ ചര്‍ച്ചയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: